• 'ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കഴിയണം'
  • 'സംഘടനാപരമായ പ്രശ്നങ്ങള്‍ സ്വാധീനിച്ചു'
  • 'തിരുത്തല്‍ അനിവാര്യം'

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതുള്‍പ്പടെയുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക പരാധീനതകളാണ് തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സംഘടനാപരമായ പ്രശ്നങ്ങളും വോട്ടിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മള്‍ നല്ലതു പോലെ തോറ്റു, എന്തുകൊണ്ടെന്ന് കണ്ടുപിടിക്കണ'മെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രകടനത്തിൽ കടുത്ത നിരാശയെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ അംഗം പ്രകാശ് കാരാട്ട്. കനത്ത നഷ്ടമാണ് പാര്‍ട്ടിക്കുണ്ടായത്. വിശദമായ പരിശോധന നടത്തി പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോവും. ഹിന്ദുത്വ അജണ്ട മാത്രം ലക്ഷ്യമാക്കുന്ന നരേന്ദ്ര മോദിക്ക് അധികകാലം ഭരണത്തിൽ തുടരാനാവില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

അതേസമയം, പരാജയകാരണങ്ങളും തിരുത്തല്‍ നടപടികളും വേഗത്തിലുണ്ടാവുമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട്. ഈ മാസം 16ന് സംസ്ഥാന സമിതിയും 28ന് കേന്ദ്ര കമ്മിറ്റിയും ചേരും. രാഹുൽ ഗാന്ധി ഏത് മണ്ഡലം തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. അതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകടമായെന്ന നിലപാട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈകോ കാലിയായതുമെല്ലാം തിരിച്ചടിക്ക് ഇടയാക്കിയെന്നും സി.പി.ഐ വിലയിരുത്തുന്നു.

ENGLISH SUMMARY:

Lapses in Pension, Supplyco's in efficiency, and government's perfomance adversly affects CPM's election result, says MV Govindan. And Prakash Karat says Huge setback in kerala is alarming. CPI alleges anti-incumbency in state.