ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാനും തിരുത്താനും സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ മുതല്‍ അഞ്ചുദിവസം ചേരും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ചുവടുപിടിച്ച് സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനിടയുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ ആരെങ്കിലും ധൈര്യം കാണിക്കുമോ എന്നതിലാണ് ആകാംക്ഷ.
തോല്‍വിയുടെ പേരില്‍ തന്നെ പഴിചാരാന്‍ കാത്തിരിക്കുന്ന സ്വന്തം മുന്നണിയിലും പാര്‍ട്ടിയിലും ഉള്ളവര്‍ക്ക് നല്‍കിയ മുന്‍കൂര്‍ മറുപടിയായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സര്‍ക്കാരിലും തിരുത്താനുണ്ട്, സംഘടനയിലും തിരുത്താനുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ പിടിമുറുകുന്നതിന് സാധ്യതയുണ്ട്. മുമ്പ് അങ്ങനെ തീരുമാനിച്ചിരുന്നെങ്കിലും ഫലപ്രദമായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
നാളെ തുടങ്ങുന്ന സി.പി.എം സംസ്ഥാന നേതൃയോഗത്തിലാണ് ഇനി എല്ലാ കണ്ണുകളും. തിരുത്താനുണ്ടെന്ന കാര്യത്തില്‍ പൊതുവില്‍ തര്‍ക്കമുണ്ടാവാനിടയില്ല. ആരൊക്കെ, എവിടെവരെ എന്നതാണ് കാതലായ ചോദ്യം. സര്‍ക്കാര്‍ വിരുദ്ധവികാരമോ പിണറായി വിരുദ്ധവികാരമോ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിഫലിച്ചതെന്ന പുറത്തെ ചര്‍ച്ച പാര്‍ട്ടിയില്‍ ഉയരാന്‍ സാധ്യതയില്ല. തോല്‍വിയുടെ പേരില്‍ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി പ്രതീക്ഷിക്കേണ്ട എന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. ലോക്സഭയിലേക്ക് ജയിച്ച മന്ത്രി കെ.രാധാകൃഷ്ണന് പകരം ആരെന്ന ചോദ്യത്തിനും നേതൃയോഗങ്ങളോടെ ഉത്തരമാകും.
മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മുതല്‍ യുവ എം.എല്‍.എ കെ.എം.സച്ചിന്‍ദേവ് വരെ പലരുടെയും പേര് ചര്‍ച്ചകളിലുണ്ട്. ആദ്യ രണ്ടുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്.