വിവാദമായ ‘കാഫിര്‍’ പോസ്റ്റ് എഫ്.ബി പേജില്‍നിന്ന് സി.പി.എം നേതാവ് കെ.കെ.ലതിക പിന്‍വലിച്ചു . ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു . ലതികയ്ക്കെതിരെ കേസെടുക്കണമെന്ന് യു.ഡി.എഫ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു . സംഭവത്തില്‍ അന്വേഷണസംഘം നേരത്തെ ലതികയെ ചോദ്യംചെയ്തിരുന്നു
ഇതിനിടെ കാഫിർ വിവാദത്തിൽ നിയമനടപടി ഊർജ്ജിതമാക്കാൻ യുഡിഎഫ് ഒരുങ്ങുകയാണ്. കേസിൽ പൊലീസ് കാര്യക്ഷമമായ നടപടികൾ എടുത്തില്ലെന്നാണ് യുഡിഎഫിലെ പൊതുവികാരം. വ്യാജ സ്ക്രീൻഷോട്ടിന് പിന്നിൽ ലീഗ് പ്രവർത്തകൻ അല്ലെന്നും ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും ആയിരുന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകിയ ഇടതു ചായ് വുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് കാര്യമായി മെനക്കെട്ടിട്ടില്ലെന്നാണ് നിയുക്ത എംപി ഷാഫി പറമ്പിലിന്റെയും കോഴിക്കോട് ഡിസിസിയുടെയും അഭിപ്രായം.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സിപിഎം നേതാവ് കെ കെ ലതിക അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ചും കാര്യമായ അന്വേഷണം നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർനീക്കങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാൻ ആണ് ഇപ്പോഴത്തെ ധാരണ.