k-muraleedaran

തൃശൂരിലെ തോൽവിയുടെ  ഉത്തരവാദികളുടെ പേര് അന്വേഷണ കമ്മിഷന് മുൻപാകെ നിരത്താതെ കെ.മുരളീധരൻ. ആരുടെയും പേര് പറഞ്ഞു അവരെ വലുതാക്കാനില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തൃശൂരിലെ തോൽവി കോൺഗ്രസിന് ഏറ്റ വലിയ ആഘാതം ആണെന്ന് അന്വേഷണ കമ്മിഷൻ അംഗം കെ.സി ജോസഫ് പ്രതികരിച്ചു. അതേസമയം കെപിസിസി യുഡിഎഫ് യോഗങ്ങളിൽ മുരളി പങ്കെടുക്കില്ല. 

 

കെ.സി.ജോസഫും ടി. സിദ്ദീഖും ഉൾപ്പെട്ട കെപിസിസി അന്വേഷണ കമ്മിഷൻ ആദ്യമായിട്ടാണ് കെ മുരളീധരന്‍റെ പരാതി കേൾക്കുന്നത്. ഒരു മണിക്കൂർ നീണ്ടുനിന്ന കുടിക്കാഴ്ചയ്ക്കിടയിൽ ഒരു ഘട്ടത്തിലും മുരളി ഉത്തരവാദികളുടെ പേര് നിരത്താൻ തയ്യാറായില്ല. അതേസമയം സംഘടനാ വീഴ്ചകൾ അക്കമിട്ട് നിരത്തി. തൃശ്ശൂരിലെ തോൽവി തന്നെ മാത്രമല്ല 2026 കോൺഗ്രസിന്റെ അധികാരത്തിലേക്കുള്ള വരവിനെ തന്നെ ബാധിക്കുമെന്ന് മുരളി മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നടിച്ചു. 

അന്വേഷണ കമ്മീഷൻ ഇനി തൃശ്ശൂരിലെ നേതാക്കളുടെ മൊഴി രേഖപ്പെടുത്തും തുടർന്ന് പ്രാഥമിക റിപ്പോർട്ട് നൽകും.തലസ്ഥാനത്ത് തന്നെ ഉണ്ടായിട്ടും കെപിസിസി യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് മുരളി തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് മുരളി തയ്യാറായില്ല.

ENGLISH SUMMARY:

K.Muralidharan without naming those responsible for the defeat