binoy-viswam-letter

അടിമുതല്‍ മുടിവരെ എല്ലാ തലത്തിലും ആത്മവിമര്‍ശനം വേണമെന്നതടക്കം നിര്‍ദേശങ്ങളുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കത്ത്. സിപിഐ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കാണ് കത്തെങ്കിലും പല വിമര്‍ശനങ്ങളും ലക്ഷ്യമിടുന്നത് സിപിഎമ്മിലെ ഉന്നതരെ കൂടിയാണ്. വിനയവും കൂറും വേണമെന്നും അടിമുതല്‍ മുടിവരെ ആത്മവിമര്‍ശനം വേണമെന്നതുമടക്കം നിര്‍േദശങ്ങള്‍  പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തില്‍ പ്രസിദ്ധീകരിച്ച കത്തിലുണ്ട്. 

 

തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ സിപിഐ താഴെ തട്ടില്‍ ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കെയാണ് സ്വയം വിമര്‍ശനപരമായുള്ള ബിനോയ് വിശ്വത്തിന്‍റെ കത്ത്. അടി മുതല്‍ മുകള്‍ വരെയുള്ള എല്ലാ തലങ്ങളിലും ആത്മവിമര്‍ശനത്തിന് സന്നദ്ധമാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ഓര്‍മിപ്പിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാന പാടം കൊണ്ടോ  ഉപരിപ്ളവമായ  വിശകലന സാമര്‍ത്ഥ്യം കൊണ്ടോ  പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുള്ളതെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടുതപക്ഷത്തിന് പഴയതു പോലെ ബന്ധമുണ്ടോ? അവര്‍ ഇടതുപക്ഷത്തിന് മേല്‍ അര്‍പ്പിച്ചരിക്കുന്ന വിശ്വാസത്തിന് ഇടിവുണ്ടായാത് എങ്ങനെയാണെന്ന് പരിശോധിക്കണമന്നും ബിനോയ് വിശ്വം ആവശ്യപ്പെടുന്നു.

എല്ലാത്തിനേക്കാള്‍ വലുത് ജനങ്ങളാണ്. നിറഞ്ഞ കൂറോടെയും വിനയത്തോടെയും വേണം ഇടതുപക്ഷം ജനങ്ങളോട് ഇടപെടാനെന്ന് ബിനോയ് വിശ്വം ഓര്‍മിപ്പിക്കുന്നു. മൈക്ക് ഓപ്പറേറ്ററെ മുഖ്യമന്ത്രി ശകാരിച്ചത് സിപിഎം കമ്മിറ്റികളില്‍ വിമര്‍ശന വിധേയമാകുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്‍റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത മാസം ജൂലൈയില്‍  സിപിഐ സംസ്ഥാന കൗണ്‍സില്‍ ചേരും. 

ENGLISH SUMMARY:

Self-criticism is inevitable; State Secretary Binoy Viswam writes letter to CPI branch secretaries.