തൃശൂരിലെ ക്രൈസ്തവ വോട്ടു ചോർച്ചയിൽ മറുപടിയുമായി തൃശൂർ അതിരൂപത. സ്വന്തം കഴിവുകേട് മറയ്ക്കാൻ രാഷ്ട്രീയപാർട്ടികൾ സഭയ്ക്ക്മേൽ കുറ്റം ചാർത്തരുതെന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വ്യക്തമാക്കി.
തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ കാരണം സിപിഎം വിലയിരുത്തിയത് ഇങ്ങനെ ആയിരുന്നു. ക്രൈസ്തവ സ്വാധീനമുള്ള ബൂത്തുകളിൽ ബി.ജെ.പി പലയിടങ്ങളിലും മുന്നിലായിരുന്നു. ഇതു പരിശോധിച്ചാണ് സി.പി.എം ക്രൈസ്തവ വോട്ട് ചോർച്ച ഉയർത്തിക്കാട്ടിയത്. എന്നാൽ, അതിരൂപത നിലപാട് ഇങ്ങനെയാണ്. ക്രൈസ്തവരുടെ വോട്ട് ആർക്കു പോയെന്ന് സഭ പഠിക്കുന്നില്ല. അത്, രാഷ്ട്രീയ പാർട്ടികളുടെ ആവശ്യമാണ്.
ലോക്സഭ തിരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ജാഗ്രത സദസ്സിൽ വ്യക്തമാക്കിയിരുന്നു. ജനാധിപത്യവും മതനിരപേക്ഷതയും കാക്കുന്നവർക്ക് വോട്ട് എന്നതായിരുന്നു സഭയുടെ നിലപാട്. തിരഞ്ഞെടുപ്പിനു ശേഷം വോട്ട് സംബന്ധിച്ചൊരു വിലയിരുത്തൽ സഭ നടത്താൻ ഉദ്ദേശിക്കുന്നുമില്ല. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വ്യക്തമാക്കി.