സിപിഎമ്മിന്റെ അടിത്തറക്ക് കോട്ടം തട്ടിയെന്ന് ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന സമിതി റിപ്പോര്‍ട്ടിങ്. ലോക്സഭാ തോല്‍വിയെ കേവലം തിരഞ്ഞെടുപ്പ് തിരിച്ചടിയായി കാണുന്നില്ലെന്നും അണികളുടെ വോട്ട് പോലും ബിജെപിയിലേക്ക് പോയെന്നുമാണ് സംസ്ഥാന സമിതി വിലയിരുത്തല്‍.

കേഡര്‍ പാര്‍ട്ടിക്ക് സംഭവിക്കാന്‍ പാടില്ലാത്ത സംഘടനാ വീഴ്ചാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്ന് നേതൃത്വം സമ്മതിക്കുന്നു. സംസ്ഥാന സമിതിയുടെ തിരഞ്ഞെടുപ്പ് അവലോകനം ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത മേഖലയില്‍ പോലും പാര്‍ട്ടി വോട്ടുകള്‍ അവരിലേക്ക് ഒഴുകി. അതൊന്നും ബിജെപിയുടെ പ്രവര്‍ത്തന മികവ് കൊണ്ടല്ല. പാര്‍ട്ടിയുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയത് മനസിലാക്കാനായില്ല. അടിത്തറക്ക് കോട്ടം തട്ടിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. 

തദ്ദേശസ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ ജനപ്രിയരാവുന്നുണ്ട്, എന്നാല്‍ സിപിഎം ജനപ്രതിനിധികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ട്. പല ജില്ലകളിലും ഇത് യാഥാര്‍ത്ഥ്യമാണെന്ന് സംസ്ഥാന സമിതി വിലിയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ പണം തരാത്തതിനാലാണ് ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ താല്പര്യം കാണിച്ചില്ലെന്നാണ് മറ്റൊരു വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട ഒരു വിവാദവും സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിങ്ങില്‍ ഇടം പിടിച്ചിട്ടില്ല.

ENGLISH SUMMARY:

Even the party workers votes too went to the BJP. Kerala CPM diagnosing causes behind electoral reverses, line of treatment to be finalised soon.