opposition

പകര്‍ച്ചവ്യാധികള്‍ പടരുന്ന ആശങ്കയുണ്ടാക്കുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഇപ്പോള്‍ആരും ആശുപത്രിയില്‍ ഇല്ലെന്നും ഡെങ്കിപനിയും എലിപ്പനിനിയന്ത്രണവിധേയമാണെന്നും മന്ത്രി അവകാശപ്പെട്ടു. കേരളം രോഗവ്യാപനത്തില്‍പകച്ചു നില്‍ക്കുമ്പോള്‍, ആരോഗ്യ വകുപ്പ് പിനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടിസിലൂടെ പ്രതിപക്ഷം പറഞ്ഞു. വിമര്‍ശനങ്ങള്‍ ആരോഗ്യമന്ത്രി വ്യക്തിപരമായി എടുക്കേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

പകര്‍ച്ചപ്പനി മുതല്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും മസ്തിഷ്ക്കജ്വരവും വരെ സംസ്ഥാനത്ത് പടരുകയും മരണങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെയാണ് അടിയന്തര സാഹചര്യം സഭ നിറുത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പകര്‍ച്ചവ്യാധി വ്യാപനം ഗുരുതരമല്ലെന്നു പറഞ്ഞുകൊണ്ടാണ് സ്തിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചത്. 

 

സംസ്ഥാനത് ആരോഗ്യദ്രുതകര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരും ആശുപത്രിയിലില്ല. കല്യാണ സദ്യ കഴിച്ചവരില്‍ രോഗവ്യപനം ഉണ്ടായത് കിണറുവെള്ളം ഭക്ഷണത്തിന് ഉപയോഗിച്ചതിനാലാണ്. 

കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളുടെ പ്രജനന കേന്ദ്രമായി കേരളം മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വിമര്‍ശനം മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

ജനങ്ങള്‍ക്ക് ആശങ്കയുള്ള വിഷയം സഭ നിറുത്തിവെച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ENGLISH SUMMARY:

VD Satheesan Against Kerala Health Department