ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ എം.എല്‍.എമാര്‍ക്കെതിരെ കേസ് . 20 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്. പൊലീസുകാരന് നേരെ കല്ലെറിഞ്ഞെന്ന് എഫ്ഐആര്‍ . എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ  മൂന്നുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കാര്യവട്ടം ക്യാംപസിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ഉപരോധം .

കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം സ്റ്റേഷനു മുമ്പിലും എസ്എഫ്ഐ–കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.എം വിൻസന്റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. ഒരു കെഎസ്‍യു പ്രവർത്തകനും പൊലീസുകാരനും പരുക്കേറ്റു. കെ.എസ്.യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട്  എസ്എഫ്ഐ മർദിച്ചെന്ന പരാതിയിലാണ് സംഘർഷത്തിന്റെ തുടക്കം

രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘർഷം തുടങ്ങിയത്. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിയും കാര്യവട്ടം ക്യാംപസിലെ വിദ്യാർഥിയുമായ സാൻജോസിനെ എസ്എഫ്ഐക്കാർ ഇടിമുറിയിലിട്ട് അതിക്രൂരമായി മർദിച്ചെന്ന് കെഎസ്‌യു ആരോപിച്ചു. 

മർദിച്ച എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ്എഫ്ഐ പ്രവർത്തകർ കൂടി എത്തിയതോടെ ചേരിതിരിഞ്ഞ് പോർവിളി തുടങ്ങി . ഇതിനിടെ എം എൽ എ മാരായ ചാണ്ടി ഉമ്മനും എം വിൻസന്റും സ്ഥലത്തെത്തി. കാറിൽ നിന്നിറങ്ങിയ എം വിൻസന്റിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു നിർത്തി കൈയേറ്റം ചെയ്തു. ഇതോടെ സ്റ്റേഷനു മുമ്പിൽ വൻ സംഘർഷം ഉടലെടുത്തു. കെഎസ്‌യു മാർ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സി പി ഒ സന്തോഷിനും പരുക്കേറ്റു. 

എന്നാൽ ക്യാംപസിലെ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. കെഎസ്‌യു നേതാവ് സാൻജോസ് പുറത്തു നിന്നുള്ളവരെ കൂട്ടിയെത്തി ആക്രമിക്കുകയായിരുന്നു. 

പുലർച്ചെ രണ്ടു മണി വരെ നീണ്ട സംഘർഷം ഇരു കൂട്ടരുടേയും പരാതികളിൽ കേസെടുക്കുമെന്ന ഉറപ്പിലാണ് അവസാനിച്ചത്. 

ENGLISH SUMMARY:

Case against m vincent and chandy oommen