bjp-palakkad-bypoll
  • 'അപ്രതീക്ഷിത സ്ഥാനാര്‍ഥി വേണ്ട'
  • ശോഭ സുരേന്ദ്രന്‍റെയും രാജീവ് ചന്ദ്രശേഖരന്‍റെയും പേര് തള്ളി
  • 'പതിവ് മുഖങ്ങളെ ഒഴിവാക്കണം'

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായി ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കണമെന്ന ആവശ്യത്തിലുറച്ച് ഒരു വിഭാഗം നേതാക്കൾ. സ്വാധീനമുള്ള മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാർഥിയെത്തുന്നത് വിജയസാധ്യത കുറയ്ക്കുമെന്നും പതിവ് മുഖങ്ങളെ ഒഴിവാക്കണമെന്നും നിര്‍ദേശം. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന പ്രസിഡന്‍റിന്‍റെ  സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് സ്ഥാനാർഥികളുടെ പേരുകള്‍ ഉള്‍പ്പെടെ പരിഗണനയ്ക്ക് വന്നത്. 

 

പൂര്‍ണ സജ്ജമാണെന്നും സ്ഥാനാര്‍ഥിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. വേവലാതി സ്വന്തം പാര്‍ട്ടിയിലുള്ള നേതാക്കള്‍ക്കെന്നാണ് പക്ഷേ പിന്നാലെയുണ്ടായ യോഗത്തില്‍ തെളിഞ്ഞത്. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ പ്രാദേശിക വാദമാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. ഏറ്റവും സാധ്യത കൽപ്പിക്കുന്ന സീറ്റ് കെട്ടിയിറക്കുന്നവരെ മല്‍സരിപ്പിച്ച് നഷ്ടപ്പെട്ട് പോവുന്ന സ്ഥിതിയുണ്ടാവരുതെന്നാണ് മുന്നറിയിപ്പ്. 

ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നത് മുളയിലേ നുള്ളുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ഒരുവിഭാഗം പറയുന്നു. സ്ഥാനാർഥി നിർണയത്തിൽ കൃത്യമായ ചര്‍ച്ചയും മുന്നൊരുക്കവും വേണം.  തൃശൂരില്‍ താമര വിരിഞ്ഞതും വോട്ട് വിഹിതത്തിലെ വര്‍ധനയും ഊര്‍ജമായിക്കണ്ട് ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. സ്ഥാനാര്‍ഥികളായി പരിഗണക്കണമെന്ന മട്ടില്‍ ഉയര്‍ന്ന പേരുകള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

Local leaders demand native candidates in Palakkad bye election. They says that a Suprise candidate will lower winning chance.