kavarakkunnu-bungalow

കാടുകണ്ട്, കാട്ടുചോലകളുടെ ആരവങ്ങള്‍ക്കൊപ്പം നടന്നേറി പ്രകൃതിയുടെ പച്ചപ്പും പകിട്ടും നേരിട്ടറിയാം. വന്യമൃഗങ്ങളെ കണ്ടാല്‍ പേടി തോന്നാത്തവരാണെങ്കില്‍ രാത്രിയില്‍ വനത്തിന് നടുവില്‍ താമസിക്കാം. പാലക്കാട് ധോണി വനത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പണിതീര്‍ത്ത കവറക്കുന്ന് ബംഗ്ലാവ് വീണ്ടും നവീകരിച്ച് വനംവകുപ്പ് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. 

 

അകലങ്ങളോളം കേള്‍ക്കുന്ന മട്ടിലൊരു താളമുണ്ട് ഈ ഒഴുക്കിന്. തടസങ്ങളേതുമില്ലാതെ കല്ലില്‍ തട്ടി കലപില പറഞ്ഞ് കാട്ടിടവഴികളിലൂടെ അങ്ങ് ഏറെ ദൂരം സഞ്ചരിക്കണം. ചിലയിടത്ത് മെലിഞ്ഞും മറ്റൊരിടത്ത് നിറഞ്ഞും ധോണിക്കാട്ടിലെ സഞ്ചാരം തുടങ്ങിയിട്ട് കാലങ്ങളായി. വേനല്‍ കനത്താലും അല്‍പം ഉറവ എന്റെ സിരകളിലുണ്ടാവുമെന്ന് സദാനേരവും ഓര്‍മപ്പെടുത്തുന്ന പ്രകൃതിയുടെ തെളിമ. മഴ കനക്കുന്നതോടെ ഒഴുക്കിന്റെ വേഗത കൂടും. കാണുന്നവര്‍ക്ക് പിന്നെയും പിന്നെയും മലമടക്കിലേക്ക് നടക്കാന്‍ തോന്നും. 

വെള്ളച്ചാട്ടം കണ്ട് കണ്ണുകളില്‍ കൗതുകം നിറഞ്ഞെങ്കില്‍ ഇനിയുമുണ്ട് കാഴ്ചകളേറെ. സാഹസിക യാത്രയ്ക്കൊടുവില്‍ ചെന്ന് നില്‍ക്കുന്നിടം പാഠപുസ്തകത്തിലെ കഥാസാരത്തെ ഓര്‍മിപ്പിക്കുന്നതാണ്. മലമുകളിലൊരു ബംഗ്ലാവുണ്ട്. അവിടെ നിറയെ ആളുകളുണ്ടായിരുന്ന കാലമുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ അവിടേയ്ക്ക് ഒറ്റയ്ക്ക് ആരും പോയിരുന്നില്ല. ഒരുപക്ഷേ മുത്തശ്ശിക്കഥയിലെ പ്രയോഗങ്ങളില്‍ നിരന്തരം കേട്ടിരുന്ന അല്‍പ്പം പേടിപ്പെടുത്തുന്നതും അതിശയോക്തി നിറയ്ക്കുന്നതുമായ വര്‍ണന. ബാല്യകാലത്ത് നമ്മളുടെ ഉള്ളില്‍ ഉദ്വേഗം നിറച്ചയിടം. അതാണ് ധോണിയിലെ കവറക്കുന്ന് ബംഗ്ലാവ്. 

ട്രക്കിങും പക്ഷിനിരീക്ഷണവും നടത്തി ബംഗ്ലാവില്‍ താമസിക്കാനുള്ള പ്രത്യേക പാക്കേജാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. 1920 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ബംഗ്ലാവ് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി അന്‍പത് ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. രണ്ട് കിടപ്പുമുറി, ഡൈനിങ് ഹാള്‍, സ്വീകരണമുറി, അടുക്കള, ശുചിമുറി സൗകര്യങ്ങളുണ്ട്. പഴമ ചോരാതെയാണ് പ്രൗഡി കൂട്ടിയത്. സൗരോര്‍ജത്തിലാണ് വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനം. വന്യമൃഗങ്ങളുടെ ബംഗ്ലാവിന് സമീപത്തേക്കുള്ള വരവും സോളര്‍ വേലി തടയും. കവറക്കുന്നിന് മുകളിലെത്തിയാല്‍ പാലക്കാട് നഗരവും പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും കാണാം. നഗരത്തില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന പുതിയ ഇടം.

ENGLISH SUMMARY:

Kerala forest department renovated Kavarakkunnu Bungalow, Palakkad