എസ്.എഫ്.ഐ എന്ന മൂന്നക്ഷരം ഇടിമുറിയും കൊടിയ മര്‍ദനവുമായി കൂട്ടിവായിക്കപ്പെടണം എന്ന് ആ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്ര നിര്‍ബന്ധമെന്താണ്? പൂക്കോട് വെറ്ററനറി കാമ്പസില്‍ മരിച്ച സിദ്ധാര്‍ഥന്റെ മാതാപിതാക്കളുടെ കണ്ണീരുകണ്ടാണ് കേരളം പലദിവസവും തള്ളിനീക്കുന്നത്. അതിന് പിറകെയാണ് കാര്യവട്ടം കാമ്പസിലെ ഇടിമുറി മർദനം.

'കെ.എസ്.യു പ്രവര്‍ത്തകനാകട്ടെ അല്ലെങ്കില്‍ മറ്റാരെങ്കിലുമാകട്ടെ കാമ്പസുകളില്‍ മനുഷ്യരെ മര്‍ദ്ദിക്കാനും ഇടിമുറികളിലടച്ച് ഭീഷണിപ്പെടുത്താനും ആരാണിവര്‍ക്ക് അനുവാദം നല്‍കിയത്' എന്ന് ചോദിച്ചുകൊണ്ട് എം.വിന്‍സെന്റാണ് അടിയന്തര പ്രമേയ നോട്ടിസിലുടെ സംഭവം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. വിശദീകരിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി നല്‍കിയ മറുപടി സാധാരണ മലയാളിയെ നിരാശപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. എസ്.എഫ് ഐ പ്രവര്‍ത്തകരായ 35 രക്തസാക്ഷികളുടെ കണക്കുകൂടി പറഞ്ഞ് മുഖ്യമന്ത്രി കാമ്പസുകളിലെ രാഷ്ട്രീയ കൊലകളെയും അക്രമങ്ങളെയും മഹത്വവത്ക്കരിക്കുകയാണോ എന്ന് പ്രതിപക്ഷം ചോദിച്ചു. കാമ്പസുകളില്‍ എസ്.എഫ് ഐ ആക്രമണകാരികളാകുന്നു എന്ന് ഉദാഹരണങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ഇതിനിടയില്‍ നവകേരള സദസും രക്ഷാപ്രവര്‍ത്തനവും കടന്നുവന്നതോടെ സഭ കലുഷിതമായി , കാമ്പസിനുപുറത്തെ വിശാല രാഷ്ട്രീയ ഇടിമുറികളിലേക്ക് ചര്‍ച്ചയുടെ ഫോക്കസ് മാറി. നവകേരള ബസിന് മുന്നില്‍ ചാടിവീണവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനമല്ലേ എന്ന് ചോദിച്ചുകൊണ്ട് ഇനിയും നാളെയും ഇത് തന്നെ ആവര്‍ത്തിക്കുമെന്നായി പിണറായി വിജയന്‍. ആരെയും തല്ലിക്കൊല്ലാന്‍ മുഖ്യമന്ത്രി തന്നെ ലൈസന്‍സ് നല്‍കുന്നത് ജനങ്ങള്‍ വിലയിരുത്തിക്കൊള്ളുമെന്നായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ക്രിമിനലുകളെ വളര്‍ത്തുമെന്നും നിങ്ങള്‍ മഹാരാജാവല്ലെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതിനു പിന്നാലെ, 'ഞാന്‍ ജനങ്ങളുടെ ദാസനാണ്' എന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ചാടിയെഴുന്നേറ്റു. ദാസനാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞത് പോലും കടുപ്പമേറിയ ശബദ്ത്തിലായിരുന്നു. നടുത്തളത്തില്‍ പ്രതിഷേധമായി, സഭാസ്തംഭനമായി, സഭ പിരിയലായി.

വെടിവച്ചും രാജിവെച്ചും വന്യജീവി പ്രശ്‌നം തീര്‍ക്കാനാവുമോ?

'ജനങ്ങളുടെ ദാസനാണ് ഞാന്‍' എന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും മാത്രമുള്ള മറുപടിയല്ലെന്ന് വ്യക്തം. തിരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച സിപിഎം പാര്‍ട്ടി യോഗങ്ങളില്‍ നിറഞ്ഞത് മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണല്ലോ. മുഖ്യമന്ത്രിയും മന്ത്രിമാരും മാറണം, തിരുത്തണം എന്നാണത്രെ പാര്‍ട്ടി ഘടകങ്ങള്‍ - താഴെത്തട്ടു മുതല്‍ കേന്ദ്ര കമ്മിറ്റി വരെ - ആഗ്രഹിക്കുന്നത്. സിപിഐ കൂടി കേള്‍ക്കാനാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നു വ്യക്തം.

ദാസനാകുമോ വിജയന്‍ എന്നൊക്കെ ട്രോളുന്നവര്‍ ഓര്‍ക്കുക, പറയുന്നത് ദീര്‍ഘവും കഠിനവും ആയ രാഷ്ട്രീയപാതകളിലൂടെ നടന്നുവന്ന പിണറായി വിജയനെന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹം മാറിയാലും ഇല്ലെങ്കിലും ഈ സഭാസന്ദര്‍ഭം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായി മാറും. ആ ഏടുകളിലെ അക്ഷരങ്ങളും വാക്യങ്ങളുമാണ് ഇപ്പോള്‍ എഴുതപ്പെടുന്നത്, അതാണ് നമ്മള്‍ കണ്ടു നില്‍ക്കുന്നത്.

വോട്ട് കഴിഞ്ഞപ്പോള്‍ വീര്യം കൂടിയോ?

'വെടിവച്ചും രാജിവെച്ചും വന്യജീവി പ്രശ്‌നം തീര്‍ക്കാനാവുമോ?' ചോദ്യം മറ്റാരുടേതുമല്ല, വനം മന്ത്രി എ.കെ.ശശീന്ദ്രന്‍റേതാണ്. ഭരണ- പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ഇതോടെ ഉത്തരംമുട്ടി എന്നതില്‍ സംശയമില്ല. വെടിവെച്ച് വന്യമൃഗങ്ങളെ കൊല്ലാനാവില്ല, നിയമം അതിന് അനുവദിക്കുന്നില്ലല്ലോ. പിന്നെ മന്ത്രിയുടെ രാജി, അത് വന്യമൃഗങ്ങളുടെ പ്രശ്‌നമല്ലെന്നും നമുക്കറിയാം.

വനംവകുപ്പിന്റെ ഡിമാന്‍ഡ് ചര്‍ച്ച കത്തിക്കയറിയതില്‍ പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്റെ പങ്ക് കുറച്ചൊന്നുമല്ല. വനം വകുപ്പിനെക്കൊണ്ട് പൊറുതിമുട്ടി എന്നാണ് ഭരണപക്ഷത്തെ അംഗം തുറന്നു പറഞ്ഞത്. വന്യമൃഗങ്ങളെയും വനം ഉദ്യോഗസ്ഥരെയും കൊണ്ട് ഒരു രക്ഷയുമില്ലെന്ന് വാഴൂര്‍ തുറന്നടിച്ചു. തീര്‍ന്നില്ല, വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റ ഒരു വ്യക്തിക്ക് മന്ത്രിയെ വിശ്വസിച്ച് നഷ്ടപരിഹാരം ഉറപ്പുപറഞ്ഞെന്നും എന്നാല്‍ വെറും ഒരു ലക്ഷം രൂപ നല്‍കി വനം വകുപ്പ് കൈകഴുകിയെന്നുമാണ് എം.എല്‍എയുടെ പരാതി. ഭരണപക്ഷത്തു നിന്നു വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വാഴൂര്‍ സോമനെ ഓര്‍മിപ്പിച്ചു എന്നാണ് വിവരം. പ്രതിപക്ഷത്തെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞത്രെ. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണെന്നാണ് കണ്ടെത്തല്‍. അതുപോലൊരു മാറ്റം തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഭരണപക്ഷത്തിനുണ്ടായോ എന്ന് അന്വേഷിക്കുകയാണ് ജനങ്ങളും മാധ്യമങ്ങളും എന്നാണ് ഭരണപക്ഷത്തിന്റെ പരാതി.

'ആശങ്ക' വേണ്ട, 'ജാഗ്രത' മതിയോ!

മഞ്ഞപ്പിത്തം, അമീബിക് മസ്തിഷ്‌ക ജ്വരം, ഡെങ്കിപ്പനി, പക്ഷിപ്പനി, വൈറല്‍പനികള്‍ പലവിധം. ഇതൊന്നും കേട്ട് ബേജാറാകേണ്ട എന്നാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ് നല്‍കുന്ന ഉറപ്പ്. കേരളം രോഗവ്യാപനത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍, ആരോഗ്യ വകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്നൊക്കെ പ്രതിപക്ഷം പറയും. ആശങ്കയേ വേണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ മറുപടി. അത് അപ്രകാരം തന്നെയാകട്ടെ എന്ന് ആശംസിക്കാം.

പ്ളസ് വണ്‍ സീറ്റ് വിഷയത്തില്‍ നമുക്ക് യോജിച്ച് പരിഹാരം കാണാം

ഇത്രയും പ്രധാന്യമുള്ള വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്നത് ടി.വി. ഇബ്രാഹിമാണ്. ഭരണ, പ്രതിപക്ഷ തര്‍ക്കത്തിനും ദൈനംദിന രാഷ്ട്രീയ പോരിനും അപ്പുറമുള്ളതും പ്രാധാന്യമുള്ളതുമായ വിഷയങ്ങള്‍ നിയമസഭയില്‍ വരുന്നത് ഏറ്റവും നന്ന്. പക്ഷെ അത് നന്നായി പഠിച്ച് അവതരിപ്പിച്ചാലല്ലേ നാടിന് ഗുണമുണ്ടാകൂ? മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ ഉറവിടമുള്‍പ്പെടെ കണക്കുകളും വസ്തുതകളും നിരത്തി ആരോഗ്യമന്ത്രി നല്ല പ്രഫഷണലായി മറുപടി നല്‍കി എന്ന് പറഞ്ഞേ മതിയാകൂ.

ഒരു പരാതിയുടെ ഗതികേട്!

സ്കൂൾ തുറന്നാല്‍ പിന്നെ വിദ്യാഭ്യാസ മന്ത്രിക്ക് സ്വൈര്യക്കേടാണ്. സീറ്റില്ല, കുട്ടികളുടെ കണക്കെടുപ്പ് ഇങ്ങനെ നൂറായിരം കാര്യങ്ങളാണ് അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ പൊങ്ങിവരിക. നിയമസഭയിലും ഇത് പ്രതിഫലിക്കും. സ്വതസിദ്ധമായ നിഷ്‌ക്കളങ്കതയും നര്‍മവും ചേര്‍ത്ത് വി.ശിവന്‍കുട്ടി കാര്യങ്ങള്‍ സഭക്കുള്ളില്‍ മാനേജ് ചെയ്തു. 'പ്ളസ് വണ്‍ സീറ്റ് വിഷയത്തില്‍ നമുക്ക് യോജിച്ച് പരിഹാരം കാണാം' എന്ന് പ്രതിപക്ഷത്തെ നോക്കി പറഞ്ഞും വലുതായി കൊമ്പുകോര്‍ക്കാതെയും നല്ല മെയ്‌വഴക്കം കാണിച്ചു.

പിന്നെ നമ്മുടെ സാംസ്കാരിക മന്ത്രിയുടെ വിമര്‍ശനം. പത്താം ക്ലാസ് പാസായ എത്രപേര്‍ക്ക് എഴുത്തും വായനയും അറിയാമെന്ന ചോദ്യം വിദ്യാഭ്യാസ വകുപ്പിന്റെ മാത്രമല്ല പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ തന്നെ ചങ്കില്‍ തറച്ചുകാണണം. അതും വി.ശിവന്‍കുട്ടി പറഞ്ഞ് തീര്‍ത്തു! 'അതൊക്കെ പ്രസംഗത്തിന്റെ ഒരൊഴുക്കിനായി സജി ചെറിയാന്‍ പറയുന്നതല്ലേ' എന്നായി ശിവന്‍കുട്ടി. ശിവന്‍കുട്ടിക്ക് പരാതി ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പരാതി എന്ന നിലയിലായി പ്രതിപക്ഷം.

കുഴിയെത്ര കൂടോത്രം കണ്ടതാ!

കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും തീരാത്ത റോഡുപണിയും ചര്‍ച്ചചെയ്താണ് സഭ ഈ ആഴ്ചയിലെ നടപടി പൂര്‍ത്തിയാക്കിയത്. എന്നു തീരും ഈ റോഡുപണി? ഇനി ഏതെങ്കിലും മന്ത്രി പുതിയ തീയതി പ്രഖ്യാപിക്കുമോ? ഫെബ്രുവരി മുതല്‍ തുടങ്ങിയതാണ് 'ഇന്നു തീരും നാളെത്തീരും' എന്ന ഉറപ്പുകള്‍.

ഇപ്പോള്‍ ജൂലൈ ആയി, ഇനിയും രണ്ടു മൂന്നുമാസം മഴ തുടരും. ഇതിനകം യുദ്ധഭൂമിപോലെ തകര്‍ന്നുകിടക്കുന്ന, ചെളിയും വെള്ളവും കുഴിയും നിറഞ്ഞ നമ്മുടെ റോഡുകളില്‍ എത്ര അപകടങ്ങളാണ് ഇനി കാണേണ്ടിവരിക? പ്രതിപക്ഷം മാത്രമല്ല സമൂഹം ഒന്നാകെ ചോദിക്കുന്ന കാര്യമാണ്. പൊതുമരാമത്ത് മന്ത്രിയോട് റോഡിലെ കുഴിയുടെ കാര്യം ചോദിക്കുമ്പോള്‍, 'കൂടോത്രം' എന്ന് മറുപടി കിട്ടും. കുഴിയെത്ര എന്ന ചോദ്യത്തിന് കൂടോത്രം എന്നു തന്നെയാണ് സാര്‍, കിടിലന്‍ ഉത്തരം!

ENGLISH SUMMARY:

Are you a Maharaja? asks opposition leader VD Satheesan in Kerala Assembly. 'No , I'm not, Im a servant of people says CM Pinarayi Vijayan. Sreedevi Pilla writes Assembly Notes.