പത്തൊന്‍പതു ദിവസം നീണ്ട ഇടിവെട്ടും മഴയും പെയ്‌തൊഴിഞ്ഞു. നിയമസഭാ സമ്മേളനം അവസാനിച്ചു. എം.എല്‍എമാരും പ്രത്യേകിച്ച് മന്ത്രിമാരും പിന്നെ മാധ്യമപ്രവര്‍ത്തകരും ദീര്‍ഘമായി നിശ്വസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിറകെ തുടങ്ങി വിഴിഞ്ഞത്ത് കപ്പലടുക്കുന്നതിന് തലേന്ന് അവസാനിച്ച സമ്മേളനം എതായാലും വിഷയദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ടിയില്ല.
ആദ്യ ദിവസങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമായിരുന്നു ചര്‍ച്ചാവിഷയം. പിന്നീട് തെറ്റുതിരുത്തല്‍, അതിനും ശേഷം 'അഹങ്കാരം എന്ന സ്വഭാവവിശേഷം' എന്നിവ ചര്‍ച്ചചെയ്ത് എല്ലാവരും സംതൃപ്തിയടഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ സംഭവങ്ങള്‍ എടുത്തു പറഞ്ഞേ മതിയാവൂ. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള കെ.കെ.രമയുടെ അടിയന്തരപ്രമേയ നോട്ടീസ്, കേരളത്തിലെ വിദ്യാര്‍ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കിനെ കുറിച്ച് മാത്യു കുഴല്‍നാടന്റെ നോട്ടിസ് എന്നിവയായിരുന്നു പലരുടെയും ഉള്ളിലിരുപ്പും ഉള്ളിലെ ശൂന്യതയും വെളിവാക്കിയത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സഭയില്‍ ഉന്നയിക്കുമ്പോള്‍ അതിന് ഉത്തരം പറയേണ്ടത് ആരാണ്? ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി. എന്നാല്‍ കെ.കെ. രമ നോട്ടിസ് നല്‍കിയാല്‍ കാര്യം മാറും. മുഖ്യമന്ത്രി ഇളകില്ല. ഇത്തവണ അങ്ങനെ വന്നത് വനിതാ ശിശുക്ഷേമമന്ത്രി. അവര്‍ ഇടത് സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചു. അടുത്തത് മുദ്രാവാക്യം വിളി ആയിരിക്കുമോ എന്ന് കണ്ടുനില്‍ക്കുന്നവര്‍ സംശയിച്ചുപോകുന്നത്ര വീര്യമായിരുന്നു മന്ത്രിയുടെ വാക്കുകള്‍ക്കും ശരീരഭാഷയ്ക്കും. പക്ഷേ, യാഥാര്‍ത്ഥ്യത്തെ ഒച്ചയുയര്‍ത്തി നേരിടാനാവുമോ? ഇല്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു, അതിന് അറുതി വരണം. അതിനു പകരം, അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അറുതി വരണം എന്നാണോ സര്‍ക്കാര്‍ കരുതുന്നത് എന്ന് തോന്നിപ്പോകും പ്രകടനം കണ്ടാല്‍. വിഷയം നിയമസഭയില്‍ ഉന്നയിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി തന്നെ മറുപടി പറയണം. പൊലീസിനെക്കൊണ്ട് ചെയ്യിക്കേണ്ടത് ചെയ്യിക്കുകയും വേണം. അല്ലാതെ വനിതാ ശിശുക്ഷേമ മന്ത്രി പ്രസംഗം നടത്തിയിട്ടൊന്നും കേരളത്തിലെ പെണ്ണുങ്ങളുടെ സുരക്ഷ കൂടില്ല. പിന്നെ, കെ.കെ.രമ. അവര്‍ക്ക് കാര്യം പറയാനറിയാം. വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടാനും കുറിക്കു കൊള്ളുംവിധം എയ്തു തറക്കാനും അറിയാം. അത് കണ്ടില്ലെന്ന് നടിച്ച്, അവരെ തമസ്‌ക്കരിച്ച്, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ എത്രകാലം ഒഴിഞ്ഞു നില്‍ക്കാനാവും?
കേരളത്തിലെ ചെറുപ്പക്കാര്‍ കൂട്ടത്തോടെ നാടുവിടുന്ന വിഷയം സഭയില്‍ ഉന്നയിക്കപ്പെട്ടു. മാത്യു കുഴല്‍നാടനും വി.ഡി.സതീശനും വിഷയം പഠിച്ച് പറഞ്ഞു. ഇത് സംസ്ഥാനത്തുണ്ടാക്കുന്ന വലിയ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയായിരുന്നു ഫോക്കസ്. ഉടനെ വന്നു, മൂത്തുപഴുത്തൊരുത്തരം-ഗാന്ധിജി പഠിച്ചത് വിദേശത്തു പോയല്ലേ, ഇപ്പോഴത്തെ കുട്ടികളും അതുപോലെ പോകട്ടെ എന്ന്! അതാണോ ഉന്നത വിദ്യാഭ്യാസ മന്ത്രീ ഇത്രയും കാമ്പുള്ള വിഷയത്തിനുള്ള ഉത്തരം! കേരളത്തിലെ കുട്ടികള്‍ ഇന്നാടിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ലേ ചര്‍ച്ച. അത് യാഥാര്‍ഥ്യമല്ലേ? അതു പറയുമ്പോള്‍, സ്വാഭാവികമായും കാമ്പസുകളിലെ അക്രമവും അടിസ്ഥാന സൗകര്യ അഭാവവും ഒക്കെ കടന്നുവരും. സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥിയെയും അയാളുടെ മാതാപിതാക്കളെയും പല അധികാരസ്ഥാനങ്ങളിലുള്ളവരും മറന്നാലും കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് മറക്കാനാവില്ലല്ലോ. കനലോര്‍മ്മകള്‍ക്ക് കരുത്ത് പതിന്മടങ്ങായിരിക്കും. സിദ്ധാര്‍ഥന്‍, ടി.പി ചന്ദ്രശേഖരന്‍... അങ്ങനെ എത്രയെത്ര പേര്‍...
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, വിദ്യാര്‍ഥികളുടെ കൂട്ട പലായനം - ഇവ രണ്ടും ഏറെ പ്രാധാന്യവും പ്രസക്തിയും ഉള്ള വിഷയങ്ങളാണെന്നതില്‍ സംശമില്ല. പക്ഷെ ചര്‍ച്ച ചെയ്യപ്പെട്ടത്, സര്‍ക്കാറിന്റെ നിലപാടുകളുടെ കടുപ്പം, അതിലും കടുപ്പമേറിയ അഹങ്കാരമെന്ന വികാരം, ജനകീയ വിഷയങ്ങളോടുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യം. നോട്ടിസ് നല്‍കിയ കെ.കെ. രമയും മാത്യു കുഴല്‍നാടനും ഭരണപക്ഷത്തിന്റെ അനിഷ്ടപ്പട്ടികയിലെ മുന്‍നിരക്കാരാണ്. പ്രതിപക്ഷ നേതാവും ആ പട്ടികയില്‍ മുകളില്‍തന്നെയുണ്ട്. എന്നാലും ചില മന്ത്രിമാര്‍ക്ക് ഇഷ്ടക്കേട് കുറച്ചധികമാകുന്നുണ്ടോ എന്ന് ആരും സംശയിച്ചുപോകും ചില സന്ദര്‍ഭങ്ങള്‍ കണ്ടാല്‍. രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണ്. പക്ഷെ എല്ലാ അതിരുംവിടുന്ന അനിഷ്ടവും അസഹിഷ്ണുതയും! അവയെങ്ങനെ നല്ല പാര്‍ലമെന്ററി രീതിയാവും? ഇക്കാര്യം ഇരുവശത്തും ഉള്ളവര്‍ പരിശോധിക്കുന്നത് നന്നാവും എന്നും ഈ സമ്മേളനം കാണിച്ചു തന്നു.
പ്രതിപക്ഷ നേതാവ് കൈചൂണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ 'അഹങ്കാരി' എന്നു വിളിച്ചു എന്നതായിരുന്നു അവസാനദിവസത്തെ വലിയ പരാതി. അങ്ങനെ വിളിച്ചിട്ടേയില്ലെന്ന് പ്രതിപക്ഷ നേതാവ്, വിളിച്ചുവെന്ന് മന്ത്രിയും. കൈചൂണ്ടി സംസാരിച്ചു എന്നത് സത്യം. അത് നാട്ടാരാകെ കണ്ടു. ബഹളത്തിനിടെ അഹങ്കാരിയെന്ന് വിളിച്ചതാവട്ടെ ആരും വ്യക്തമായി കേട്ടുമില്ല. സത്യം സ്്പീക്കര്‍ കണ്ടുപിടിക്കുമായിരിക്കും. പിന്നെ കൈചൂണ്ടി സംസാരിക്കാമോ സര്‍? അതൊരു പ്രശ്‌നമാണ്. കൈചൂണ്ടി സംസാരിക്കാനുള്ള അവകാശത്തിന് പതിറ്റാണ്ടുകള്‍ പോരാടിയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളാണല്ലോ സഭയിലിരിക്കുന്നവര്‍. ൈകചൂണ്ടലിന്റെ ഔചിത്യം അവര്‍ തീരുമാനിക്കട്ടെ.
അസഹിഷ്ണുത, അഹങ്കാരം, താന്‍പോരിമ - ഇതില്‍ ആരൊക്കെയാണ് മുന്നിട്ട് നില്‍ക്കുന്നത്? ഇത്തവണ ഇരുപക്ഷവും അഹങ്കാരത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നത് കേട്ടു. മുഖ്യമന്ത്രിയുടെ ദാസന്‍ പ്രയോഗത്തില്‍വരെ ചെന്നെത്തി കാര്യങ്ങള്‍. അതിനിടെ, അഹങ്കാരത്തിന്റെ ചാപ്പ തന്‍റെ മേല്‍ കുത്തുന്ന രക്ഷാ പ്രവര്‍ത്തനം വേണ്ടെന്ന് പ്രതിപക്ഷനേതാവ് മന്ത്രി മന്ത്രി എം.ബി രാജേഷിനോട് പറയുന്നതും കണ്ടു. ജനം അഹങ്കാരത്തെകുറിച്ച് ബോധവാന്‍മാരാണ് എന്നതിനാലാണോ സഭയിലെ ഈ അഹങ്കാരത്തര്‍ക്കങ്ങള്‍! വിഷമിക്കേണ്ട, ഉത്തരം ജനം കണ്ടുപിടിച്ചോളും സര്‍!
മറുപടി പറയുന്നതില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, റവന്യൂ മന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ നല്ല പാടവം പ്രകടിപ്പിച്ചു. ചോദ്യോത്തരവേളയിലെ മറുപടിയില്‍ കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കുന്നതില്‍ മുന്നിട്ട് നിന്നത് മന്ത്രി ചിഞ്ചുറാണിയും പുതിയ മന്ത്രി ഒ.ആര്‍ കേളുവുമാണ്. ചുരുക്കി, കാര്യം പറഞ്ഞു ഇരുവരും. പ്രതിപക്ഷത്തു നിന്ന് പി.സി. വിഷ്ണുനാഥും എം. വിന്‍സെന്റും മാത്യു കുഴല്‍നാടനും കുറുക്കോളി മൊയ്തീനും അനുപ് ജേക്കബും കെ.കെ. രമയും തിളങ്ങി.
പൊലീസുകര്‍ക്കിടയില്‍വര്‍ധിക്കുന്ന ആത്മഹത്യ, ജലജീവന്‍ മിഷനെന്ന 'ശുദ്ധവായു'മാത്രം നല്‍കുന്ന ജലവിതരണ പദ്ധതി, കുഴിച്ചുകുഴിച്ചു തീരുന്ന റോഡുകളുടെ അവസ്ഥ, കൃഷിക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാര്‍ഷിക പ്രതിസന്ധി, മത്സ്യതൊഴിലാളികളുടെ മരണക്കെണിയാകുന്ന മുതലപ്പൊഴി, പനിച്ചു വിറക്കുന്ന കേരളം, നടുവൊടിക്കുന്ന വിലക്കയറ്റം, കണ്ണൂരില്‍ എവിടെയും എപ്പോഴും പൊട്ടുന്ന ബോബുകള്‍, കുഴഞ്ഞുമറിഞ്ഞ ബാര്‍കോഴ, ടിപിയെ കൊന്നവര്‍ക്ക് ശിക്ഷാ ഇളവിനുള്ള നീക്കം, കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ഥി സംഘര്‍ഷം, കിട്ടും കിട്ടുമായിരിക്കും എന്ന നിലയിലെത്തിയ പെന്‍ഷന്‍- ഇങ്ങനെ വൈവിധ്യമുള്ള വിഷയങ്ങള്‍. പലതും വലിയ സാമൂഹിക പ്രസക്തിയുള്ളവയും ആയിരുന്നു. ഇവയൊക്കെ സഭക്കുമുന്നില്‍കൊണ്ടുവരാനായത് പ്രതിപക്ഷത്തിന്റെ ഗ്രാഫ് ഉയര്‍ത്തി.
പാര്‍ലമെന്‍ററികാര്യമന്ത്രി എം.ബി.രാജേഷ് പലപ്പോഴും താന്‍ മുന്‍സ്പീക്കറായിരുന്നു എന്നു മറന്നോ! നിയന്ത്രണവും ചട്ടവും റൂളും മുറയും മന്ത്രി ഒരുപാടെടുത്തു ഈ സമ്മേളനകാലത്ത്. അതൊക്കെ സ്്പീക്കറും ഡെപ്യൂട്ടിസ്്പീക്കറും നോക്കില്ലേ? സംയമനം പാലിക്കേണ്ടിടത്ത് പാലിച്ചും, ഒച്ച ഉയര്‍ത്തേണ്ടിടത്ത് അതു ചെയ്തും, നിയന്ത്രിച്ചും തമാശ പറഞ്ഞും സമയം പാലിക്കാന്‍ ഓര്‍മ്മിപ്പിച്ചും അധ്വാനിച്ച എ.എന്‍ ഷംസീര്‍ മികച്ച സ്്പീക്കറാണെന്നു മാത്രമല്ല, നല്ല പാര്‍ലമെന്റേറിയനും ആധുനിക മനസ്സുള്ള രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നും തെളിയിച്ചു.