cpi-corporation-1

TOPICS COVERED

തൃശൂര്‍ കോര്‍പറേഷനിലെ ഇടതു മേയര്‍ എം.കെ.വര്‍ഗീസിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ. കോര്‍പറേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുദാന പരിപാടി സി.പി.ഐ. എം.എല്‍.എയും കൗണ്‍സിലര്‍മാരും ബഹിഷ്ക്കരിച്ചിരുന്നു. മേയറുെട ബി.ജെ.പി. ബന്ധത്തില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. 

 കോര്‍പറേഷന്‍ മേയര്‍ എം.കെ.വര്‍ഗീസ് സ്വതന്ത്രനായി ജയിച്ചതാണെങ്കിലും ഇടതുപക്ഷത്തിന്റെ മേയറാണ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യകക്ഷിനില വന്നപ്പോള്‍ സ്വതന്ത്രനായ വര്‍ഗീസ് ഇടത്തോട്ട് ചാഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു ശേഷവും ബി.ജെ.പിയെ തുണയ്ക്കുന്ന പ്രസ്താവനകള്‍ മേയര്‍ നടത്തി. ഇതില്‍ കടുത്ത അതൃപ്തി സി.പി.ഐ പ്രകടിപ്പിച്ചു. മേയര്‍ പദവിയില്‍ നിന്ന് വര്‍ഗീസിനെ മാറ്റണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ മേയറെ മാറ്റാന്‍ പറ്റില്ല. ഇല്ലെങ്കില്‍, മേയര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരണം. സി.പി.എം അതിനു തുനിയില്ല. പിന്നെയുള്ളത്, യു.ഡി.എഫിന്റെ അവിശ്വാസപ്രമേയമാണ്. അങ്ങനെ വന്നാല്‍ , സി.പി.ഐ. പിന്തുണയ്ക്കും. അപ്പോള്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെടും. പിന്നെ, മേയര്‍ തിരഞ്ഞെടുപ്പു വന്നാല്‍ എം.കെ.വര്‍ഗീസ് ആര്‍ക്ക് വോട്ടു ചെയ്യുമെന്നതാണ് പ്രശ്നം. മാറിനിന്നാല്‍ നറുക്കെടുപ്പാകും. ഇനി, ഇടതു സ്വതന്ത്രാരായ ആരെയെങ്കിലും കോണ്‍ഗ്രസ് ചാക്കിട്ടുപിടിച്ചാല്‍ ഭരണം യു.ഡി.എഫിനു കിട്ടും. ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ടാണ്, സി.പി.ഐയെ അനുനയിപ്പിക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. സി.പി.ഐയുടെ കൗണ്‍സിലറെ മേയറാക്കുന്ന കാര്യം സി.പി.എം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ, അതിന് എം.കെ.വര്‍ഗീസിന്റെ സമ്മതം കൂടി വേണം. വി.എസ്.സുനില്‍കുമാര്‍ നിരന്തരം എം.കെ.വര്‍ഗീസിനെ എതിര്‍ക്കുന്നതിനാല്‍ അതിനുള്ള സാധ്യത വിരളമാണ്. കോര്‍പറേഷന്റെ ഔദ്യോഗിക പരിപാടി ബഹിഷ്ക്കരിച്ച് സി.പി.ഐ. മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. വരുംദിവസങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ചര്‍ച്ച വിജയിക്കുമോയെന്ന് കണ്ടറിയണം. ഇരുമുന്നണികള്‍ക്കും 24 സീറ്റുകളാണ്.  ബി.ജെ.പിയ്ക്ക് ആറും. സ്വതന്ത്രനായി എം.കെ.വര്‍ഗീസും.