bjp-conflict

TOPICS COVERED

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾക്കിടയില്‍ ബി.ജെ.പിയിൽ പൊട്ടിത്തെറി. ബി.ജെ.പി മുൻ കൗൺസിലറുടെ വീട് ആക്രമിച്ച കേസിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് വിഭാഗീയത മറനീക്കി പുറത്തായത്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നതിന്‍റെ പേരിൽ നേതാക്കളില്‍ ചിലര്‍ക്ക് തന്നോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് വീട് ആക്രമണത്തിനിരയായ എസ്.പി അച്യുതാനന്ദന്‍റെ ആരോപണവും ചര്‍ച്ചയാവുകയാണ്.  

 

തൃശൂർ വിജയത്തിന്‍റെ ചുവട് പിടിച്ച് പാലക്കാട് ജയിച്ച് കയറാമെന്ന് ബി.ജെ.പി നേതൃത്വം. ഈ പ്രതീക്ഷയ്ക്ക് തിരിച്ചടിയാവുകയാണ് പാലക്കാട് ജില്ലയിലെ നേതാക്കള്‍ക്കിടയിലെ താന്‍പോരിമയും വിഭാഗീയതയും. പാര്‍ട്ടി വേദികളില്‍ നിന്നും മാറി തര്‍ക്കം നേരിട്ടുള്ള ആക്രമണത്തിലേക്കാണ് എത്തിയിരിക്കുന്നത്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന മുന്‍ കൗണ്‍സിലര്‍ എസ്.പി.അച്യുതാനന്ദന്‍റെ വീടും കാറും ആക്രമിച്ചത് ഇതിന്‍റെ ഭാഗമെന്നാണ് ആരോപണം. ആക്രമണത്തിന് നേതൃത്വം നല്‍കിയത് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍. 

സ്ഥാനാര്‍ഥി ചര്‍ച്ചയും തിരഞ്ഞെടുപ്പ് മുന്നൊരുക്കവും നടക്കുമ്പോള്‍ വിഭാഗീയതയുടെ തീവ്രത കൂടുന്നതായാണ് ഒരുവിഭാഗം നേതാക്കളുടെയും പ്രതികരണം. ബി.ജെ.പി നേതാവിന്‍റെ വീട് യുവമോര്‍ച്ച നേതാവും സംഘവും ആക്രമിച്ചതില്‍ ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ കെ.സുരേന്ദ്രന്‍.     പാര്‍ട്ടിക്ക് ജയസാധ്യതയുള്ള മണ്ഡലം പരസ്പരം കലഹിച്ച് നശിപ്പിക്കുന്നതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്.  

ENGLISH SUMMARY:

Sectarianism among BJP leaders during Palakkad assembly by-election discussions