കൂടോത്ര വിവാദം നിയമസഭയിലടക്കം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് വിമര്‍‌ശനം. നിയമസഭയില്‍ ഉത്തരം മുട്ടിപ്പോയെന്നും പരിഹാസം, കേട്ട് നില്‍ക്കേണ്ട സ്ഥിതി വന്നെന്നും വി.ഡി സതീശന്‍.മണ്ഡലം പ്രസിഡന്റുമാരെ കെപിസിസി ഏകപക്ഷീയമായി മാറ്റുന്നതിനെതിരെയും ബത്തേരിയില്‍ നടന്ന ക്യാംപില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.

രാഷ്ട്രീയകാര്യസമിതി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവ് തുറന്നടിച്ചത്. സര്‍ക്കാരിന്റ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ മുന്നേറ്റം ഇല്ലാതാക്കുന്നതായിരുന്നു കൂടോത്ര വിവാദം. പലരും വിമര്‍ശിച്ചു. പരിഹസിച്ചു. എല്ലാറ്റിനും മുന്നില്‍ മിണ്ടാതെ നില്‍ക്കേണ്ടി വന്നു. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്ക് നല്ലതാണോയെന്ന് ചിന്തിക്കണമെന്നും സതീശന്‍. മനുഷ്യന്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുമ്പോള്‍ ഒരു എം.പി കൂടോത്രത്തിന് പിന്നാലെ പോകുന്നത് നാണക്കേടാണെന്നായിരുന്നു പൊതുചര്‍ച്ചയില്‍ രാജ് മോഹന്‍ ഉണ്ണിത്താനെ ലക്ഷ്യമിട്ട് ഷാനിമോള്‍ ഉസ്മാന്റ വിമര്‍ശനം. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ മൂന്ന് മണ്ഡലം പ്രസി‍ഡന്റുമാരെ കെ പി സി സി നേതൃത്വം കൊടിക്കുന്നിലോട് ആലോചിക്കാതെ മാറ്റിയതും രൂക്ഷ വിമര്‍ശനത്തിനിടയാക്കി. 

അയ്യായിരത്തിലധികം വോട്ടിന്റ ഭൂരിപക്ഷം കിട്ടിയ മണ്ഡലം പ്രസിഡന്റുമാരെയാണ് മാറ്റിയതെന്ന് കൊടിക്കുന്നില്‍. താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു കെ സുധാകരന്റ മറുപടി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അടുത്തമാസം വാര്‍ഡ് തലത്തില്‍ കമ്മിറ്റി രൂപീകരിക്കാനും, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റ നടപടികള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി.  അശാസ്ത്രീയ വാർഡ് വിഭജനത്തെ ‌നേരിടാൻ പഞ്ചായത്ത് തലത്തിൽ ഡീലിമിറ്റേഷൻ കമ്മിറ്റികൾ രൂപീകരിക്കണം. ‌‌ബി ജെ പിയുടെ വളര്‍ച്ചയെ ഗൗരവത്തോടെ കാണണമെന്നും നേതൃത്വത്തിന്റ ദുഷ് ചെയ്തികളെ എതിർക്കുന്ന സി.പി.എംകാരെ പഴയ കമ്യൂണിസ്റ്റ് വിരോധം പറഞ്ഞ് അകറ്റി നിർത്തരുതെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്  തയാറാക്കിയ നയരേഖ നിര്‍ദേശിക്കുന്നു

ENGLISH SUMMARY:

The Black magic controversy backfired; V.D