ഫയല്‍ ചിത്രം

സി.പി.എമ്മിനെതിരെ വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശന്‍. കള്ളവോട്ടുകൊണ്ട് പിടിച്ചെടുത്ത ബാങ്കുകള്‍ നടത്തുന്നത് കാണട്ടെയെന്ന് വി.ഡി.സതീശന്‍. സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു. കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്നുവെന്നും വി.‍ഡി.സതീശന്‍ കുറ്റപ്പെടുത്തി. പന്തളത്ത് ബാങ്ക് തിരഞ്ഞെടുപ്പിനിടെ മര്‍ദനമേറ്റവരെ സന്ദര്‍ശിച്ചശേഷമായിരുന്നു പ്രതികരണം.

പത്തനംതിട്ട തുമ്പമണ്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലെ കള്ളവോട്ടിന് തെളിവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം വരിനില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു. അതേസമയം കള്ളവോട്ടിന് ഡിസിസി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു എന്നാണ് സിപിഎം ആരോപണം.

കൂടല്‍ ലോക്കല്‍ സെക്രട്ടറി ഉന്‍മേഷ്, കുരമ്പാല ബ്രാഞ്ച് സെക്രട്ടറി ദീപു, കൊടുമണ്‍ ഏരിയക്കമ്മിറ്റിയംഗം സോബിന്‍ പി ബാലന്‍, കുരമ്പാല ലോക്കല്‍ കമ്മിറ്റിയംഗം വിജയന്‍  തുടങ്ങി തുമ്പമണ്ണുകാരല്ലാത്ത ഒട്ടേറെ സിപിഎം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. വ്യാജമായി നിര്‍മിച്ച ഐഡി കാര്‍ഡുകളുടെ ചിത്രങ്ങളും പുറത്തുവിട്ടു. ഇത്രയും കള്ളവോട്ട് നടന്നിട്ടും പൊലീസ് അനങ്ങിയില്ല. പൊലീസ് ഇടപെടാതെ വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉന്തുംതള്ളുമായതോടെ പൊലീസ് ലാത്തിയടി തുടങ്ങി. റോഡില്‍ നിന്ന് തുമ്പമണ്‍ പള്ളിയുടെ മുന്‍വശം വരെ പൊലീസ് പ്രവര്‍ത്തകരെ അടിച്ചോടിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റടക്കം സാരമായി പരുക്കേറ്റ് ചികില്‍സയിലാണ്. 

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത് സിപിഎം പൊലീസ് ഗൂഢാലോചന ആണെന്ന് പന്തളം ബ്ലോക്ക് പ്രസിഡന്‍റ് സഖറിയ വര്‍ഗീസ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയോടിച്ചത് കള്ളവോട്ടിന് അവസരം ഒരുക്കാനാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം ഡിസിസി പ്രസിഡന്‍റ് കള്ളവോട്ടിന് ആഹ്വാനം ചെയ്തു എന്നാണ് സിപിഎം ആരോപണം. സിപിഎം നേതാക്കളുടെ കള്ളവോട്ട് ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി.ബൈജുവിന്‍റെ പ്രതികരണം. വര്‍ഷങ്ങളായി സിപിഎമ്മാണ് തുമ്പമണ്‍ സഹകരണബാങ്ക് ഭരിക്കുന്നത്.

ENGLISH SUMMARY:

Thumpamon cooperative bank election; V. D. Satheesan challenges CPM