വയനാട്ടിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ധനസഹായ വിതരണം തുടങ്ങിയെന്ന് മന്ത്രി കെ. രാജന്‍. ഇതിനായി 20 ലക്ഷം രൂപ തഹസില്‍ദാര്‍ക്ക് കൈമാറി. 62 പേര്‍ക്ക് ഇന്നലെ തുക വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ധനസഹായം വൈകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതിനിടെ, വയനാട്, വിലങ്ങാട് ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായുള്ള പ്രതിപക്ഷ നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കൈമാറി. ദുരന്ത ബാധിതരുടെ എല്ലാത്തരം വായ്പകളും പൂർണമായി എഴുതി തള്ളണം. ഓരോ കുടുംബത്തിന്‍റെയും അവസ്ഥ മനസിലാക്കി മൈക്രോ ലെവൽ പാക്കേജ് തയാറാക്കണം. ടൗൺഷിപ്പ് മാതൃകയിലാവണം പുനരധിവാസം തുടങ്ങിയവയാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍. കാലാവസ്ഥ മാറ്റത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് രാജ്യാന്തര നിലവാരമുള്ള മുന്നറിയിപ്പ് സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷനേതാവ്  ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിനോട് പരമാവധി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ വയനാട്ടില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 100 വീടുകള്‍ നിര്‍മിക്കാമെന്നും വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Emergency financial assistance has begun to be distributed among people in camps, says Minister K Rajan. 20 lakh rupees has been handed over to the Tahsildar for this purpose.