കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് റിബേഷ് രാമകൃഷ്ണൻ. തനിക്ക് എതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുള്ള ശ്രമിച്ചുവെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ്. റിബേഷിൻ്റെ വക്കീൽ നോട്ടീസിന് മറുപടി നൽകില്ലെന്നും മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയാണ് പ്രതീക്ഷിച്ചതെന്നും പാറക്കൽ അബ്ദുല്ല മനോരമ ന്യൂസിനോട് പറഞ്ഞു.
അമ്പാടിമുക്ക് സഖാക്കളിൽ നിന്ന് തുടങ്ങി റെഡ് ബറ്റാലിയനിലെ അമൽറാം വഴി റെഡ് എൻകൗണ്ടർ ഗ്രൂപ്പിലെ റിബേഷ് വരെ എത്തി നിൽക്കുന്ന ഈ ചരടിൻ്റെ അറ്റം വെളിയിൽ വരും വരെ നോ കോംപ്രമൈസ് . ഈ ഫെസ് ബുക്ക് പോസ്റ്റിന് എതിരെയാണ് റിബേഷ് രാമകൃഷ്ണൻ്റെ വക്കീൽ നോട്ടീസ്.
3 ദിവസത്തിനകം പാറക്കൽ അബ്ദുള്ള പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ രാം ദാസ് വഴി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. റിബേഷിൻ്റെ വക്കീൽ നോട്ടീസിന് മറുപടി നൽകില്ലെന്ന് പാറക്കൽ അബ്ദുള്ള മനോരമ ന്യൂസിനോട് പറഞ്ഞു.
റിബേഷ് വക്കീൽ നോട്ടീസ് അയക്കേണ്ടത് ആഭ്യന്തര മന്ത്രിക്കും പൊലീസിനുമാണ് ഇതിൻ്റെ പേരിൽ ജയിലിൽ വരെ പോകാൻ തയ്യാറാണെന്നും പാറക്കൽ അബ്ദുള്ള പ്രതികരിച്ചു
അതിനിടെ റിബേഷിന് പരസ്യ പിന്തുണയുമായി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റിയും രംഗത്ത് എത്തി. റിബേഷിനെതിരെ നടക്കുന്നത് മാധ്യമ യു ഡി എഫ് നുണപ്രചാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി നാളെ വടകരയിൽ ബഹുജന പൊതുയോഗവും വിളിച്ചു ചേർത്തിട്ടുണ്ട്