കാഫിര്‍ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിന്‍ മനീഷ്, പി ജയരാജന്‍റെ വിശ്വസ്തനും അനുയായിയും. പി. ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ച് വര്‍ഷക്കാലം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ൈകകാര്യം ചെയ്തത് മനീഷ് മനോഹരനാണ്. നിലവില്‍ ഡിവൈഎഫ്ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റിയംഗവും മയ്യില്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ് ഇയാള്‍. കാഫിര്‍ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജില്‍ ഷെയര്‍ ചെയ്തത് മനീഷാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റെഡ് ബറ്റാലിയന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കാഫിര്‍ പോസ്റ്റ് കിട്ടിയത് എന്നായിരുന്നു മനീഷിന്‍റെ മൊഴി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, കാഫിർ വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. കേസില്‍ പ്രതികളെ സാക്ഷികളാക്കി പൊലീസും സിപിഎമ്മും നാടകം കളിക്കുകയാണെന്ന് ആരോപിച്ച് വടകര റൂറല്‍ എസ്പി ഓഫിസിലേക്ക് ഇന്ന് മാർച്ച് നടത്തും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ വ്യാജ പോസ്റ്റർ ഷെയർ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ റിബേഷിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. എന്നാല്‍ റിബേഷ് പോസ്റ്റർ നിർമ്മിച്ചിട്ടില്ല, ഷെയർ ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.