congresshema

സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പിണറായി വിജയൻ സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ്. ആരോപണങ്ങളെക്കുറിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

സിനിമ മേഖലയിൽ ചൂഷണവും പോക്സോ ചുമത്താവുന്ന കുറ്റകൃത്യങ്ങളും നടക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടും നാലു വർഷമായി സർക്കാർ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ക്രിമിനൽ കുറ്റകൃത്യം നടന്നതായി അറിഞ്ഞിട്ടും മറച്ചുവച്ചത് ക്രിമിനൽ കുറ്റമാണെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. മുഖ്യമന്ത്രിയും സാംസ്ക്കാരിക മന്ത്രിയും ചെയ്തത് അതുകൊണ്ടുതന്നെ ക്രിമിനൽ കുറ്റമാണ്. ലൈംഗിക ചൂഷണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയെന്നത് സർക്കാരിന്റെ ചുമതലയാണ്. സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും സ്ത്രീപക്ഷ നിലപാടുകളുടെ ആത്മാർഥയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

റിപ്പോർട്ടിലെ ശുപാർശകളിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ലൈംഗിക ചൂഷണം സംബന്ധിച്ച ആരോപണങ്ങൾ സീനിയർ വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണം. ലഹരി ഉപയോഗം വർധിക്കുന്നത് തടയാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ച്ചയാണെന്നും ഇത് ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷം നിലപാടെടുക്കുന്നു.

Opposition planning to use Hema Committee report against LDF Government: