കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി എം.ലിജുവിന്റെ നിയമനം തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. സുധാകരന്റെ താൽപര്യപ്രകാരമുള്ള ലിജുവിന്റെ നിയമനം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആൾ ഉടനില്ലെന്ന സന്ദേശം കൂടിയാണ് ഹൈക്കമാൻഡ് നൽകുന്നത്.
എം.ലിജുവിനെ ജനറൽസെക്രട്ടറിയായി എ.ഐ.സി.സി നിയമിച്ച് മിനിട്ടുകൾക്കകമാണ് കെ.പി.സി.സിയുടെ സംഘടനാചുമതല നൽകി കെ.സുധാകരൻ കത്ത് പുറത്തിറക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിച്ച് നിയമസഭ പിടിച്ചെടുക്കണമെന്നാണ് വയനാട് ക്യാംപിൽ ഉയർന്നിട്ടുള്ള ആഹ്വാനം.
ഇത് മുൻനിർത്തിയാണ് എം.ലിജുവിനെ നിയമിച്ചിട്ടുള്ളത്. അതേസമയം, മാനദണ്ഡങ്ങൾ ഒക്കെ മാറ്റിവച്ച് ലിജുവിനായി സുധാകരൻ നടത്തിയ നീക്കം ഹൈക്കമാൻഡ് അതിവേഗത്തിൽ അതേപടി അംഗീകരിച്ചത് പാർട്ടിക്കുള്ളിൽ മറ്റ് ചർച്ചകൾ സജീവമാക്കി. ലിജുവിന്റെ നിയമനം സുധാകരന് സ്ഥാനച്ചലനം ഉടനില്ലെന്ന സൂചനയാണ് നൽകുന്നതെന്നാണ് ഗ്രൂപ്പുകൾ വായിക്കുന്നത്.
സുധാകരൻ ചുമതലയേറ്റത് മുതൽ അദ്ദേഹത്തിന്റെ നയങ്ങൾ നടപ്പാക്കി വരുന്നത് ലിജുവും ജനറൽസെക്രട്ടറിയായ കെ.ജയന്തും ചേർന്നാണ്. കഴിഞ്ഞ ഒന്നരവർഷമായി ഒഴിഞ്ഞുകിടക്കുന്ന ട്രഷറർ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേര് ശുപാർശ ചെയ്തെങ്കിലും ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. ഇതുൾപ്പെടെ കെ.പി.സി.സിയിൽ പുനഃസംഘടന ഉടനുണ്ടാകുമെന്നാണ് സൂചന.