Hema-Commission-report

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാരിന്‍റെ കടുംവെട്ടിന്  ഉദ്യോഗസ്ഥ ബലിയാടായേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 97 മുതല്‍ 107 വരെയുള്ള ഭാഗം ഒഴിവാക്കിയതില്‍ സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഉത്തരവില്‍ ഈ ഭാഗം നല്‍കുമെന്നു അറിയിച്ചിട്ടും നല്‍കാത്തതില്‍ വിവരാവകാശ കമ്മിഷന്‍റെ നടപടിയുണ്ടായേക്കും.

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതു മുതല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഒഴിവാക്കല്‍ വരെ എല്ലാ കുറ്റത്തിനും സര്‍ക്കാര്‍ വിരല്‍ ചൂണ്ടുന്നത് സാംസ്കാരിക വകുപ്പിനെതിരെയാണ്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥയെ പരസ്യമായി തള്ളിപ്പറഞ്ഞ് മന്ത്രി പി.രാജീവ് തന്നെ രംഗത്തെത്തിയിരുന്നു. അതുകൊണ്ടു തന്നെ വകുപ്പിലെ വിവരാവകാശ ഓഫിസര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. 

നേരത്തെ വിവരാവകാശ നിയമ പ്രകാരം പുറത്തു നല്‍കുമെന്നറിയിച്ചിട്ടും 97 മുതല്‍ 107 വരെയുള്ള ഭാഗം ഒഴിവാക്കിയതില്‍ അപ്പീലുമായി അപേക്ഷകര്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭാഗങ്ങള്‍ എന്നു നല്‍കുമെന്നു അപ്പീല്‍ അതോറിറ്റിയായ സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി സന്തോഷ് വ്യക്തമാക്കിയില്ല. വിവരം പുറത്തുവിടാത്ത വിവരാവകാശ ഓഫിസര്‍ക്കെതിരെ വിവരാവകാശ കമ്മിഷനും നടപടിയെടുക്കാമെന്നു നിയമം പറയുന്നു. ഫൈന്‍ ചുമത്താം, വകുപ്പു തല നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യാം, അപേക്ഷകനു വന്ന നഷ്ടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ ഈടാക്കാന്‍ വിവരാവകാശ കമ്മിഷനു അധികാരമുണ്ട്. വിവരം നല്‍കാത്തതിനു ആര്‍ക്കൈവ്സ് വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ വിവരാവകാശ കമ്മിഷന്‍ സമീപകാലത്ത് നടപടിയെടുത്തിരുന്നു.

ENGLISH SUMMARY:

Cultural department may take actions against the RTI Officer for omitting pages 97 to 107 of the Hema Committee Report.