നിയമസഭാ കയ്യാങ്കളി അബദ്ധമായിപ്പോയെന്ന് കുറ്റസമ്മതം നടത്തി കെ.ടി.ജലീൽ എം.എൽ.എ. സ്പീക്കറുടെ കസേര വലിച്ചിടാൻ പാടില്ലായിരുന്നുവെന്ന് ഫേസ്ബുക്കിലാണ് ജലീലിന്റെ തുറന്നുപറച്ചിൽ. പ്രതികരണത്തെ സ്വാഗതം ചെയ്ത കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഇതേ തിരിച്ചറിവ് ശിവൻകുട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞു.
ഒൻപത് വർഷത്തിന് ശേഷം ഈ ചെയ്തത് തെറ്റാപ്പോയെന്ന് സമ്മതിച്ചിരിക്കുകയാണ് കെ.ടി.ജലീൽ. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലും അല്ല ജലീലിന്റെ കുറ്റസമ്മതം. ഈ ചെയ്തത് ശരിയാണോയെന്ന ഫസൽ ഷുക്കൂർ എന്നൊരാളുടെ ചോദ്യത്തിനുള്ള മൂന്നുവരി മറുപടിയിലാണ് കെ.ടി.ജലീൽ ഒടുവിൽ സമ്മതിച്ചത്. സ്പീക്കറുടെ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലേ, വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ. ഇതാണ് ജലീലിന്റെ ഏറ്റുപറച്ചിൽ.
2015ൽ കെ.എം.മാണിയുടെ ബജറ്റ് അവതരണത്തെ എതിർത്തുള്ള ഈ അതിക്രമം നിയമസഭയുടെ ചരിത്രത്തിലെ മായാത്ത കളങ്കമാണ്. ജലീൽ തള്ളിപ്പറയുമ്പോൾ വിഷയം കോൺഗ്രസ് ഏറ്റെടുത്തു. ഈ തിരിച്ചറിവ് മന്ത്രി ശിവൻകുട്ടിയിൽ നിന്നും ഇ.പി.ജയരാജനിൽ നിന്നും കേരളം ഒരുകാലത്തും പ്രതീക്ഷിക്കുന്നില്ലെന്നും ബുദ്ധിജീവിയായ തോമസ് ഐസക്കെങ്കിലും തള്ളിപ്പറയുമോയെന്നും ചോദിച്ചിരിക്കുകയാണ് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി.ബൽറാം.
അൻവർ വിവാദം കത്തിനിൽക്കുന്നതിനിടെ ഇടതുപക്ഷത്തിന് കളങ്കമായ നിയമസഭാ കയ്യാങ്കളിയിലെ ജലീലിന്റെ വീണ്ടുവിചാരം അടുത്ത ചർച്ചകൾക്ക് വഴിമരുന്നിടുകയാണ്.