എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍നിന്ന് ഇ.പി.ജയരാജനെ നീക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഇ.പി–  പ്രകാശ് ജാവഡേക്കര്‍–ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. ഇപിക്ക് പകരം ടി.പി രാമകൃഷ്ണന്‍ ഇടതുമുന്നണി കണ്‍വീനറായേക്കും. സിപിഎം സംസ്ഥാന സമിതി യോഗം പുരോഗമിക്കുകയാണ്. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലെ വീട്ടിലെത്തി. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.

 കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിർദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചർച്ചകൾ തന്റെ സാന്നിധ്യത്തിൽ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു സൂചന. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. 

ENGLISH SUMMARY:

EP Jayarajan was removed from the post of LDF convenor