എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇ.പി ജയരാജൻ മൗനം തുടരുന്നു. കടുത്ത അതൃപ്തിയുണ്ടെങ്കിലും മാധ്യമങ്ങൾക്ക് ഇപ്പോൾ മുഖം നൽകേണ്ട എന്ന നിലപാടിലാണ് ഇപി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്ന് പറയുമ്പോഴും പരിപാടികളിൽ ജയരാജൻ പങ്കെടുക്കുന്നുണ്ട്. അതിനിടെ ഇ.പിയെ മാറ്റിയതിനെ സ്വാഗതം ചെയ്ത് സിപിഐ രംഗത്തുവന്നു.

അവസാനം മാധ്യമങ്ങളോട് പറഞ്ഞത് സമയമാകുമ്പോൾ പറയാം എന്ന ഒറ്റ മറുപടി . പിന്നെ പലതവണ പ്രതികരണത്തിന് വിളിച്ചിട്ടും ഇ പി കതകടച്ച് വീട്ടിൽ തന്നെ. രണ്ട് ദിവസത്തേക്ക് നോക്കണ്ട എന്ന നിലപാടിലാണ് ഇ പി ഇന്നലെ മുതൽ . എന്നാല്‍ ഇന്ന് കണ്ണൂരില്‍ തന്നെ സ്വകാര്യ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ഇന്നും മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തില്ല.

അതൃപ്തി തുടരുന്നതിനിടെ ഇപി ജയരാജന് പുതിയ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വക ചെറിയൊരു തല്ലും തലോടലും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാർട്ടി തീരുമാനം അംഗീകരിക്കണം , ജയരാജനെ നീക്കി എന്നത് മാധ്യമ പ്രചാരവേലയെന്നും ടി.പി രാമകൃഷ്ണൻ.

എന്നാല്‍ ഇപിയെ തള്ളുന്നതും ടി.പിയെ കൊള്ളുന്നതുമായിരുന്നു സിപിഐ നിലപാട്. ജയരാജനെ മാറ്റിയത് സ്വാഗതാര്‍ഹമെന്നും ടി.പി രാമചന്ദ്രന്‍ ഇടതുമുന്നണിയെ നയിക്കാന്‍ യോഗ്യനെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ENGLISH SUMMARY:

E P Jayarajan not responding to media