എഡിജിപി അജിത്കുമാറിനെതിരായി പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരോപണവിധേയരായ മുഴുവന്‍ ആളുകളെയും സസ്പെന്‍ഡ് ചെയ്യണം. ഗുണ്ടാസംഘത്തെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്‍വറിന്‍റെ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനെ സിപിഎമ്മിന് പേടിയാണെന്നും അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കം. അന്‍വറിന്‍റെ വെളിപ്പെടുത്തലുകളില്‍ ഇനി പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി. ശശിയുമാണെന്നുമാണ് പ്രതിപക്ഷ നിലപാട്.