എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ.പി. ജയരാജനെ ലക്ഷ്യമിട്ട് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് എന്തു നടപടിയെടുത്തെന്നാണ് പി ജയരാജന്‍ കമ്മിറ്റിയില്‍ ചോദിച്ചത്. തല്‍ക്കാലം പരാതിയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മറുപടി നല്‍കി. അതേസമയം കണ്ണൂരിലുള്ള ഇ.പി തനിക്ക് പറയാനുള്ളകാര്യങ്ങള്‍ കേന്ദ്രകമ്മിറ്റിയെ കത്തിലൂടെ അറിയിക്കുമെന്നാണ് വിവരം.
ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദന്‍ റിപ്പോര്‍ട്ട് ചെയ്തത് കൃത്യമായ കാരണങ്ങള്‍ പറയാതെയായിരുന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് പേരാണ് എന്ത് കാരണത്താലാണ് ഇപിയെ മാറ്റുന്നതെന്ന് സംസ്ഥാന സമിതിയില്‍ ചോദിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവനകള്‍ ഉള്‍പ്പടെ കാരണമായിട്ടുണ്ടെന്നും ഇപിക്ക് പൂര്‍ണമായും ഉത്തരവാദിത്തം നിറവേറ്റാനാകുന്നില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.
ഇതിന് പിന്നാലെയാണ് വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ എന്തായി തീരുമാനമെന്ന് പി ജയരാജന്‍ ചോദിച്ചത്. ബിജെപി ബന്ധം മാത്രമല്ല വൈദേഗം റിസോര്‍ട്ട് ബന്ധവും നടപടിയെടുക്കേണ്ട കുറ്റമെന്ന് നിലയിലാണ് പി ജയരാജന്‍ വീണ്ടും വിഷയം ഉന്നിയിച്ചത്. എന്നാല്‍ തല്‍ക്കാലം പരാതിയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന മറുപടി മാത്രമാണ് എം വി ഗോവിന്ദന്‍ നല്‍കിയത്. കേന്ദ്രകമ്മിറ്റി അംഗമായ തന്നോട് കൃത്യമായ പറയാതെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇ പി ജയരാജന് കടുത്ത അതൃപ്തിയിലാണ്. കേന്ദ്രകമ്മിറ്റിയിലേക്ക് സംസ്ഥാന ഘടകം റിപ്പോര്‍ട്ട് ചെയ്താല്‍ കേന്ദ്രകമ്മിറ്റി നടപടിയെടുക്കുമോ എന്ന ആശങ്ക ഇ പി ജയരാജനുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടികൂടിയാണ് കേന്ദ്രകമ്മിറ്റിയെ നിലപാട് അറിയിക്കാന്‍ ഇപി ജയരാജന്‍ ഒരുങ്ങുന്നത് .