അഴിമതി ആരോപണത്തിന്റെ പേരില്‍ സിപിഎം അച്ചടക്ക നടപടിയെടുത്ത മുന്‍ എംഎല്‍എ പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ജില്ലാ നേതൃത്വം. സി.ഐ.ടി.യു പാലക്കാട് ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്നു കൂടി ശശിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിക്കും. പദവി ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ നിയമിച്ചവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നുമാണ് പി.കെ.ശശിയുടെ നിലപാട്.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പി.കെ.ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനുള്ള ഗൂഢ നീക്കവും ശശിയുടെ പുറത്തേക്കുള്ള വഴി എളുപ്പത്തിലാക്കി. ശശിയെ അടിമുടി നിസഹായനാക്കുക എന്നത് ലക്ഷ്യമിട്ടാണ് കെ.ടി.ഡി.സി ചെയര്‍മാന്‍പദവും സി.ഐ.ടി.യു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയത്. തന്നെ ചുമതലപ്പെടുത്തിയവര്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നതാണ് ശശിയുടെ മറുചോദ്യം.
അച്ചടക്ക നടപടിയെടുക്കുമ്പോള്‍ പാര്‍ട്ടി അനുവദിച്ച മുഴുവന്‍ പദവികളും ഒഴിയുന്നതാണ് മര്യാദയെന്നും സ്ഥാനത്ത് തുടര്‍ന്നാല്‍ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി, ടൂറിസം മന്ത്രി എന്നിവരോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന പി.കെ.ശശി കസേരയില്‍ തുടരേണ്ടതുണ്ടോ എന്നതില്‍ ഇവര്‍ തന്നെയാവും അന്തിമ തീരുമാനമെടുക്കുക.