ആരോപണവിധേയരെ മാറ്റാതെയുള്ള അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ആരോപണ വിധേയരായ എഡിജിപി അജിത്കുമാറിനേയും പൊളിറ്റിക്കൽ സെക്രട്ടറി പിശശിയേയും നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേൾവിയില്ലാത്തതാണ്. ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയർ ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിക്ക് ഇവരെ ഭയമാണ്. അവർ എന്തെങ്കിലും ഭയപ്പെടുത്തുമെന്ന ഭീതിയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ ആരോപിച്ചു.
പത്തനംതിട്ട എസ്പി മൂന്ന് എസ്പിമാരെ കുറിച്ച് അസംബന്ധം പറഞ്ഞു. എഡിജിപിയെ കുറിച്ചും അദ്ദേഹം ആരോപണം ഉന്നയിച്ചു. എന്നിട്ടും അയാളും സർവീസിലിരിക്കുകയാണ്. ഏതെങ്കിലും കാലത്ത് പൊലീസിലെ ഉന്നതരെ കുറിച്ച് സ്വർണ കള്ളക്കടത്തും അധോലോകവും ആരോപണമുണ്ടായിട്ടുണ്ടോയെന്നും മുഖ്യമന്ത്രിക്കും ഓഫീസിനും സ്വർണത്തോട് എന്താണിത്ര ഭ്രമമെന്നും സതീശന്‍ ചോദിച്ചു. സ്വർണം പൊട്ടിക്കൽ സംഘത്തിനും ഗുണ്ടാ സംഘത്തിനും എഡിജിപി പിന്തുണ കൊടുക്കുന്നു. എംഎൽഎ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരോപണ വിധേയരെ നിലനിർത്തി കൊണ്ടാണോ അന്വേഷണം നടത്തേണ്ടത്? സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഉപജാപക സംഘത്തിന്‍റെ വെളിപ്പെടുത്തലുകളെ പേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.