മുഖ്യമന്ത്രിയുടെയും എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെയും ആര്‍.എസ്.എസ് ബന്ധമുയര്‍ത്തി ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയാണ് പൂരം കലക്കിയതെന്ന് ആരോപിച്ച സതീശന്‍, മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന കൂടിക്കാഴ്ചയോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിച്ചെന്നും പറഞ്ഞു.
ആരോപണങ്ങളുടെ പെരുമഴയ്ക്കിടയിലും എം.ആർ.അജിത് കുമാറിനെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നു. ഈ സംശയം ബലപ്പെട്ടിരിക്കെയാണ് ആർ.എസ്.എസ് ബന്ധം ആരോപിച്ച പ്രതിപക്ഷം രംഗത്തെത്തുന്നത്. ഒരു മണിക്കൂർ നീണ്ടിരുന്നു ദത്താത്രേയ ഹൊസബലെ-അജിത് കുമാർ കൂടിക്കാഴ്ച. കേന്ദ്ര ഏജന്‍സി അന്വേഷണം നടക്കവെയാണ് കൂടിക്കാഴ്ച സംഭവിച്ചത്. ഇപ്പോള്‍ ഇ.ഡി. എവിടെ എന്നും സതീശന്‍ ചോദിച്ചു.
തൃശ്ശൂരിലെ ഹോട്ടലിൽ ഔദ്യോഗിക വാഹന ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കാണാൻ പോയത്. ദേശീയ നേതാക്കളുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഒരു ആര്‍.എസ്.എസുകാരനാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിക്കൊടുത്തതെന്നും സതീശൻ ആരോപിച്ചു. ഇത് സംബന്ധിച്ച കൂടുതൽ തെളിവുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും അജിത് കുമാറും കൂടിക്കാഴ്ച നിഷേധിച്ചാൽ അപ്പോൾ പറയാം എന്നായിരുന്നു സതീശന്റെ മറുപടി.