എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. ആര്‍എസ്എസ് സമ്പര്‍ക് പ്രമുഖായ ജയകുമാറാണ് അജിത്കുമാറിനെ റാം മാധവിനരികില്‍ എത്തിച്ചത്. 2023 മേയ് 22ന് തൃശൂരില്‍ വച്ച് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്കും ജയകുമാറായിരുന്നു അജിത്കുമാറിനെ കൊണ്ടുപോയത്. ജയകുമാറിന്‍റെ കാറിലാണ് തൃശൂരിലെ ഹോട്ടലില്‍ അജത്കുമാര്‍ എത്തിയതും ദത്താത്രേയയെ കണ്ടതും.
മുഖ്യമന്ത്രിയുടെ ഓഫിസ് വിവരം തേടിയപ്പോഴാണ് തൃശൂരില്‍ വച്ച് ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപി സ്ഥിരീകരിച്ചത്. തികച്ചും സ്വകാര്യമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്നായിരുന്നു വിശദീകരണം.
എഡിജിപി– ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ മനോരമന്യൂസിനോട് പറഞ്ഞത്. കൂടിക്കാഴ്ച മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ച നടത്താൻ ഭരണ, പാർട്ടി തലങ്ങളില്‍ സംവിധാനം ഉണ്ട്. പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.