ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയെ കണ്ടെന്ന് മുഖ്യമന്ത്രിയോട് സമ്മതിച്ച് എ.ഡി.ജി.പി അജിത്കുമാര്‍. ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് ജയകുമാറിന്റെ കാറിലെത്തി തൃശൂരിലെ ഹോട്ടലില്‍ വച്ച് 2023 മെയ് 22 നായിരുന്നു കൂടിക്കാഴ്ച. സ്വകാര്യ സന്ദര്‍ശനമെന്ന് അജിത്കുമാറിന്റെ വിശദീകരണം. കൂടിക്കാഴ്ചയേക്കുറിച്ച് അന്ന് തന്നെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല.
സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി വഴി സി.പി.എമ്മും പൊലീസും തമ്മിലുള്ള ഇടനിലകേന്ദ്രം, മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍..അങ്ങനെയുള്ള എം.ആര്‍.അജിത്കുമാര്‍ പ്രസംഗങ്ങളില്‍ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന ആര്‍.എസ്.എസ് നേതാവിനെ ഹോട്ടലില്‍ അങ്ങോട്ട് പോയി കണ്ടു. പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോളാണ് കൂടിക്കാഴ്ച എ.ഡി.ജി.പി തുറന്ന് സമ്മതിച്ചത്. ആര്‍ എസ്. എസ് ക്യാംപിനെത്തിയതായിരുന്നു ദത്താത്രേയ. 2023 മെയ് 22ന് അദേഹം താമസിച്ച ഹോട്ടലില്‍ ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് ജയകുമാര്‍ അയച്ച കാറില്‍ എ.ഡി.ജി.പി എത്തി. സുഹൃത്തുക്കള്‍ ക്ഷണിച്ചത് അനുസരിച്ച് യൂണിഫോമും ഔദ്യോഗിക വാഹനവും ഉപേക്ഷിച്ച് സൗഹൃദ സന്ദര്‍ശനത്തിനാണ് പോയതെന്നാണ് അജിത്കുമാറിന്റെ വിശദീകരണം. പത്ത് മിനിറ്റ് പോലും കൂടിക്കാഴ്ച നീണ്ടില്ലെന്നും പറയുന്നു
തൃശൂര്‍ പൂരം കലക്കിയ പൊലീസ് നടപടിയും കൂടിക്കാഴ്ചയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആരോപണം. കൂടിക്കാഴ്ച 2023ലും പൂരം അലങ്കോലപ്പെട്ടത് 2024ലുമായതിനാല്‍ ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് അജിത്കുമാറിന്റെയും സര്‍ക്കാരിന്റെയും വാദം. എന്നാല്‍ കൂടിക്കാഴ്ച അറിഞ്ഞിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
കൂടിക്കാഴ്ചയുടെ പിറ്റേദിവസം തന്നെ സ്പെഷല്‍ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ അറിയിക്കുക സ്വാഭാവികമാണ്. എന്നാല്‍ അന്ന് എ.ഡി.ജി.പിയോട് ഒരക്ഷരം ഇതിനേക്കുറിച്ച് ആരും ചോദിച്ചില്ല. ഈ വര്‍ഷത്തെ പൂരം മുടങ്ങിയത് വിവാദമായപ്പോളും കൂടിക്കാഴ്ച സര്‍ക്കാര്‍ മറച്ചുവച്ചു. അന്‍വറിന്റെ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി ഇനി ഡി.ജി.പി ഈ കൂടിക്കാഴ്ച അന്വേഷിക്കും.
ആര്‍.എസ്.എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. തൃശൂര്‍പൂരം അജിത്കുമാറിനെ വച്ച് കലക്കിയതാണെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നു. 2023 മേയ് 20 മുതല്‍ 22 വരെ തൃശൂരിെല പാറമേക്കാവില്‍ വച്ച് ആര്‍.എസ്.എസ് ക്യാംപ് നടന്നിരുന്നുവെന്ന് ഈ ക്യാംപില്‍ പങ്കെടുക്കാനെത്തിയ ദത്താത്രേയയെ എഡിജിപി സന്ദര്‍ശിച്ചുവെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ ആരോപിച്ചത്.
തിരുവനന്തപുരത്തുള്ള ഒരു ആര്‍.എസ്.എസ് നേതാവാണ് കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായതെന്നും എന്ത് വിഷയം ചര്‍ച്ച ചെയ്യാനാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ എഡിജിപി സന്ദര്‍ശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നുമായിരുന്നു സതീശന്‍ അന്ന് ചോദിച്ചത്.
പൂരംകലക്കി ബിജെപിക്ക് ജയിക്കാന്‍ അവസരം ഉണ്ടാക്കി നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത് സംഭവിച്ചതെന്നും അതിന് എഡിജിപി അജിത്കുമാറാണ് നേതൃത്വം നല്‍കിയതെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റ വാദം. അതുകൊണ്ടാണ് ക്രമസമാധാന ചുമതലയുണ്ടായിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെടാതിരുന്നതെന്നും വാദം ഉയര്‍ന്നിരുന്നു.