കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നഗരസഭ കൗൺസിലർ കലാരാജു രഹസ്യമൊഴി നൽകാൻ കോടതിയിൽ എത്തില്ല. ചികിൽസയിലുള്ള കല, ആരോഗ്യപ്രശ്നങ്ങൾ മജിസ്ട്രേറ്റിനെ അറിയിച്ചു. നിലവിൽ യാത്ര ചെയ്യാൻ പ്രയാസമാണെന്നും കലാരാജു. കോലഞ്ചേരി കോടതിയിൽ രഹസ്യ മൊഴി നൽകാനായിരുന്നു തീരുമാനം.
അതേസമയം, കേസില്‍ ഏരിയാ സെക്രട്ടറി അടക്കമുള്ള സിപിഎം നേതാക്കളെ സംരക്ഷിച്ച് അന്വേഷണത്തില്‍ പൊലീസിന്‍റെ മെല്ലേപോക്ക് തുടരുകയാണ്. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേരെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനാണ് പൊലീസിന്‍റെ നീക്കം. പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ഒഴിവാക്കിയ പൊലീസ് രഹസ്യമൊഴിക്ക് ശേഷം തുടര്‍നടപടിയെന്ന നിലപാടിലാണ്.
ശനിയാഴ്പച പട്ടാപകല്‍ പത്ത് മണിക്കാണ് കൂത്താട്ടുകുളത്ത് സിപിഎം കൗണ്‍സിലറായ കല രാജുവിനെ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത് വൈകീട്ട് നാല് മണിക്കാണ്. പ്രതികളില്‍ നാല് പേരെ പിടികൂടിയത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രിയും. പൊലീസിന്‍റെ മൂക്കിന്‍ തുമ്പിലുള്ള കേസിലെ ഒന്നാംപ്രതി ഏരിയാ സെക്രട്ടറി പി.ബി രതീഷ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് തൊട്ടില്ല.
പൊതുമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി ആക്രമിച്ചവരുടെ പേരും ചിത്രങ്ങള്‍ സഹിതം കല രാജു കൈമാറിയിട്ടും സ്ത്രീത്വത്തെ അപമാനിച്ചതിന് പോലും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. അതേസമയം പൊലീസ് അന്വേഷിച്ച് നടക്കുന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യപ്രതി പി.ബി. രതീഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും കല രാജു പറയുന്നത് കള്ളമെന്നുമാണ് രതീഷ് പ്രതികരിച്ചത്. കലയുടെ ആരോപണം മാത്യു കുഴല്‍നാടന്‍റെ തിരക്കഥയാണെന്നും കല രഹസ്യമൊഴി കൊടുക്കുന്നതില്‍ ഭയമില്ലെന്ന് രതീഷ് പറഞ്ഞു.
കൂത്താട്ടുകളം നഗരസഭയിലെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി നാല് കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു കേസില്‍ സിപിഎം നേതാക്കളും മറ്റ് മൂന്ന് കേസുകളില്‍ അനൂപ് ജേക്കബ് അടക്കമുള്ള യുഡിഎഫ് നേതാക്കളുമാണ് പ്രതികള്‍.