pannyan-on-adgp

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ നടപടി വേണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കൂടിക്കാഴ്ച നീതികരിക്കാനാവില്ല. കൂടിക്കാഴ്ചയുടെ ഉള്ളിലുള്ള രഹസ്യം പുറത്തുവരണമെന്നും അജിത്കുമാര്‍ കുറ്റം സമ്മതിച്ചത് നില്‍ക്കക്കള്ളി ഇല്ലാതെയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലില്‍ കടുത്ത നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയില്‍ ദുരൂഹതയുണ്ടെന്നും എല്‍ഡിഎഫ് ചെലവില്‍ ആരും ചര്‍ച്ച നടത്തേണ്ടെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. കൂടിക്കാഴ്ച ഗൗരവതരമാണെന്ന് സിപിഐ നേതാവും തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്. സുനില്‍കുമാറും മാധ്യമങ്ങളോട് പറഞ്ഞു. 

അജിത്കുമാര്‍–ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറ‍ഞ്ഞു. ഒളിച്ചുവയ്ക്കാനുള്ളതിനാലാണ് നേതാക്കളുടെ മറുപടിയില്‍ വ്യക്തത ഇല്ലാത്തതെന്നും സിപിഎം അഖിലേന്ത്യ നേതൃത്വം കേരളത്തിലെ കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

CPI leader pannyan Raveendran demands action against ADGP Ajithkumar over RSS meeting. Stated that the details of the meeting should be disclosed.