ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ നടപടിയെടുക്കാത്തതിനെ ചൊല്ലി ഭരണമുന്നണിക്കുള്ളില്‍ അതൃപ്തി പരസ്യമായിരിക്കെ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. വിഷയം മുന്നണി യോഗത്തിലുയര്‍ന്നാല്‍ മറ്റുള്ളവരും നിലപാട് വ്യക്തമാക്കിയേക്കും.
മുന്നണി യോഗം ചേരാനിരിക്കെ, മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. മുന്നണി യോഗത്തിന് മുന്‍പ് സിപിഎം നേതൃത്വവുമായി സിപിഐ ആശയവിനിമയം നടത്തിയിട്ടുണ്ട്. ആര്‍.എസ്.എസിനെ പ്രധാനപ്പെട്ട സംഘടനയെന്ന് വിശേഷിപ്പിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ നിലപാടിലുള്ള അതൃപ്തിയും മുന്നണിയോഗത്തിലുയര്‍ന്നേക്കും.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നതിന്റെ തലേരാത്രിയായിരുന്നു ആരോപണ വിധേയനായ എസ്.പി. സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്. അൻവറിന്റെ പരാതിയിൽ ആരോപണ വിധേയരായ രണ്ട് എസ്പി മാരെ മാറ്റിയെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഒരു നടപടിയും ഇതുവരെയില്ല. സി.എച്ച്.നാഗരാജുവിനെ ഗതാഗത കമ്മീഷണറാക്കിയും പുട്ട വിമലാദിത്യയെ കൊച്ചി കമ്മീഷണർ ആക്കിയും ശ്യാം സുന്ദറിനെ ദക്ഷിണ മേഖല ഐജി ആക്കിയും ഐപിഎസ് തലത്തിലും അഴിച്ചു പണിവരുത്തിയിട്ടുണ്ട്.