ഇന്‍ഡിഗോ വിമാനത്തോടുള്ള ഇ.പി.ജയരാജന്റെ പിണക്കം മാറിയെങ്കിലും, പിണക്കത്തിന് കാരണമായ കേസ് നിര്‍ജീവമായ അവസ്ഥയില്‍. മുഖ്യമന്ത്രിക്ക് നേരായ യൂത്ത് കോണ്‍ഗ്രസിന്റെ കയ്യേറ്റത്തില്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നല്‍കിയില്ല.
യൂത്ത്കോണ്‍ഗ്രസുകാരെ കയ്യേറ്റം ചെയ്തതിന് ഇ.പിക്കെതിരായി എടുത്ത കേസ് എഴുതി തള്ളാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കോടതിയും അനുമതി നല്‍കിയില്ല.
ഇന്‍ഡിഗോയില്‍ കയറില്ലെന്ന ശപഥം രണ്ട് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞതോടെ ഇ.പി ജയരാജന്‍ മറന്നു. സീതാറാം യെച്ചൂരിയെ കാണാനായി ഡെല്‍ഹിക്ക് ഇന്‍ഡിഗോയില്‍ ഇ.പി പറന്നു.
ഇ.പിയുടെ പിണക്കം മാറിയിട്ടും കേസില്‍ ഒരു തീരുമാനമാക്കാന്‍ പൊലീസിനായിട്ടില്ല. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനെ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പേരിലാണ് പൊലീസ് കേസെടുത്തത്. തുടക്കത്തില്‍ അന്വേഷണത്തിന് വന്‍വേഗമായിരുന്നു.
മുദ്രാവാക്യം വിളിച്ച ഫര്‍സീന്‍ മജീദും നവീനും അടക്കം മൂന്ന് പേരെ കയ്യോടെ പിടികൂടി. പക്ഷെ ഗൂഡാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കെ.എസ്.ശബരിനാഥന് നിമിഷങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചതോടെ പൊലീസിന്റെ തന്ത്രമെല്ലാം പാളി.
വധശ്രമക്കുറ്റം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം പോലും കൊടുക്കാതെ മുങ്ങിയിരിക്കുകയാണ് പ്രത്യേകസംഘം.
അതിനിടെ യൂത്ത് കോണ്‍ഗ്രസുകാരെ കയ്യേറ്റം ചെയ്തതിന് ഇ.പിക്കെതിരെയെടുത്ത കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചെങ്കിലും പരാതിക്കാര്‍ കോടതിയില്‍ പോയതോടെ അതും നടന്നില്ല. ചുരുക്കത്തില്‍ ഇ.പി പിണക്കം മറന്നതല്ലാതെ, വന്‍കോളിളക്കം സൃഷ്ടിച്ച കേസിന് ഒന്നും സംഭവിച്ചില്ല