എഡിജിപി എം.ആർ. അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിൽ സിപിഐ ഉൾപ്പടെയുള്ള ഘടകക്ഷികൾ കടുത്ത അതൃപ്തിയിൽ. അന്വേഷണ റിപ്പോർട്ടിന് ശേഷം തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിൽ  ഉറപ്പ് നൽകിയതിന് ശേഷം അജിത്കുമാറിനെ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ സംരക്ഷിച്ചതില്‍ കടുത്ത അമർഷത്തിലാണ് സിപിഐ. 

ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്കുമാറിനെ നീക്കണമെന്ന നിലപാടിൽ നിന്ന് സിപിഐ പിന്നോട്ട് പോയേക്കില്ല. അജിത്തിനെ മാറ്റണമെന്ന നിലപാടിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടുപോകേണ്ടതില്ലെന്നാണ് ആര്‍ജെഡി നേതൃത്വത്തിന്‍റെയും നിലപാട്.

അമേരിക്കയിലുള്ള പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നാളെ മടങ്ങിയെത്തിയതിന് ശേഷം പാർട്ടിയുടെ എക്സിക്യൂട്ടീവ് ചേർന്ന് മുഖ്യമന്ത്രിയുടെ നിലപാട് ചർച്ച് ചെയ്യും. അജിത്കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കുക എന്നത് ധാർമികതയുടെ ഭാഗമാണെന്ന് സിപിഎം നേതൃത്വത്തെ അറിയിക്കാനാണ് സിപിഐ നേതാക്കളുടെ ആലോചന. 

മുന്നണി മര്യാദകളുടെ ലംഘനമാണ് അജിത്കുമാറിന് മുഖ്യമന്ത്രി ഒരുക്കിയ സംരക്ഷണമെന്നാണ് ആര്‍ജെഡി കരുതുന്നത്. അജിത്തിനെ മാറ്റണമെന്ന നിലപാടിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടുപോകേണ്ടതില്ലെന്നാണ് ആര്‍ജെഡി നേതൃത്വത്തിലെ നിലപാട്. ചൊവ്വാഴ്ച കോഴിക്കോട് ചേരുന്ന പാർട്ടി നേതൃയോഗം ഇനി സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യും.

ENGLISH SUMMARY:

CPI and RJD unhappy with Chief Minister protecting ADGP MR Ajith Kumar