ഇനി പരസ്യപ്രസ്താവനയ്ക്കില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്സ്ബുക്ക് കവര്‍ചിത്രം മാറ്റി പി.വി.അന്‍വര്‍. പ്രവര്‍ത്തകര്‍ക്കൊപ്പമുള്ളതാണ് പുതിയ കവര്‍ ചിത്രം. ഇടതുപാളയം വിടുമെന്നത് വ്യാമോഹം മാത്രമെന്ന് അന്‍വറിന്റെ എഫ്.ബി. പോസ്റ്റില്‍ പറയുന്നു.
അതേസമയം, നാവടക്കണമെന്ന സി.പി.എം. നിര്‍ദേശത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പി.വി.അന്‍വര്‍. ഇനി പരസ്യപ്രസ്താവനയ്ക്കില്ലെന്നും പാര്‍ട്ടിയില്‍ പൂര്‍ണവിശ്വാസമെന്നും അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിക്കാര്‍ക്ക് വേദനയുണ്ടാക്കിയത് ക്ഷമ ചോദിച്ച നിലമ്പൂര്‍ എം.എല്‍.എ., പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയതോടെയാണ് ഫെയ്സ്ബുക്ക് പോസ്്റ്റുമായി പി.വി.അന്‍വറെത്തിയത്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് പരസ്യപ്രസ്താവനയില്‍
നിന്ന് പിന്നോട്ടുപോകുന്നു. എന്നാല്‍ ഉയർത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല. പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും. അതില്‍ കുറ്റബോധമില്ല. എഡിജിപി എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ പദവിയില്‍ തുടരുന്നതിലുള്ള വിയോജിപ്പും അന്വറിന്റെ കുറിപ്പിലുണ്ട്.
ആരോപിച്ച വിഷയങ്ങളിൽ പാർട്ടി പരിശോധനയും പരിഹാരവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു . താൻ ഇടതുപാളയം വിടുമെന്ന് പ്രതീക്ഷിക്കുന്നവർ നിരാശരാകും. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍ എന്ന് പറഞ്ഞാണ് പി.വി.അന്‍വര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.