തൃശൂര്‍ പൂരം 'കലക്കല്‍' റിപ്പോര്‍ട്ട് വൈകുന്നതില്‍ എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി സിപിഐ. ജനയുഗത്തിലെ മുഖപ്രസംഗത്തിലൂടെയാണ് സിപിഐ വിമര്‍ശനം കടുപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് വൈകല്‍ ആസൂത്രിതവും അസ്വാഭാവികവുമാണ്. അന്വേഷണമേ ഉണ്ടായില്ലെന്ന ആഖ്യാനവും ചമച്ചു. കാലതാമസത്തിന്‍റെ കാരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്ന് തൃശൂരുണ്ടായിട്ടും വിഷയത്തില്‍ എഡിജിപി ഇടപെടാത്തത് ദുരൂഹമാണ്. അങ്ങനെയല്ലെങ്കില്‍ അത് തിരുത്താന്‍ ഉതകുന്ന റിപ്പോര്‍ട്ട് വേണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.
ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാർ തയാറാക്കിയ റിപ്പോർട്ടിനോട് യോജിക്കാനാവില്ലെങ്കിലും ഉള്ളടക്കം അറിഞ്ഞിട്ടാവും സിപിഐയുടെ തുടർ നീക്കങ്ങൾ. പൂരം കലക്കിയതാണ് എന്നതിൽ സിപിഐക്ക് തർക്കമില്ല. എന്നാൽ ആര് കലക്കിയെന്ന് അറിയണം എന്നാണ് സി പി ഐ നിലപാട്. റിപ്പോർട്ടിന്‍റെ ഉള്ളടക്കം അംഗീകരിക്കാനാവില്ലെങ്കിൽ പുനരന്വേഷണവും പാര്‍ട്ടി ആവശ്യപ്പെട്ടേക്കും. ആർഎസ്എസ് നേതാക്കളുമായി കുടിക്കാഴ്ച നടത്തിയ എംആർ അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ - സി പി എമ്മിനെ വീണ്ടും അറിയിച്ചേക്കും.