സി.പി.എം സംസ്ഥാന നേതൃത്വത്തോട് അമര്‍ഷം തുടര്‍ന്ന് ഇ.പി.ജയരാജന്‍. ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കില്ല. സംസ്ഥാന സമിതിയുടെ യച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ യോഗവും ബഹിഷ്കരിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം സിപിഎം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുകയാണ് ജയരാജന്‍.
സ്ഥാനം തെറിച്ചതിന് ശേഷം തലസ്ഥാനത്തെ പാര്‍ട്ടിയുടെ ഫ്‌ളാറ്റ് ഒഴിഞ്ഞ് ഇപി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. പിന്നെ സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും പങ്കെടുത്തിട്ടില്ല. ഇതിനിടയില്‍ കണ്ണൂരില്‍ നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങും ബഹിഷ്‌ക്കരിച്ചിരുന്നു. അതേസമയം, സീതാറാം യച്ചൂരിയുടെ വിയോഗവേളയില്‍ യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെത്തിയ ഇപി ജയരാജൻ കേരള ഹൗസിലെ മുറിയിലെത്തി മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും രാഷ്ട്രീയമെല്ലാം പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു മാധ്യമങ്ങളോട് ഇപിയുടെ പ്രതികരണം.
അതേസമയം, തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നില്‍ അന്‍വറിന്‍റെ പരാതി വന്നേക്കും. എങ്കില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ സിപിഎം നിലപാട് ഇന്നറിയാം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയിരുന്നെങ്കിലും പി.ശശിയുടെ പേരില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ പേരുചേര്‍ത്ത് പുതിയ പരാതി. എന്നാല്‍,അന്‍വറിനെ മുഖ്യമന്ത്രി തന്നെ തള്ളിയതോടെ പാര്‍ട്ടി എന്ത് സമീപനം സ്വീകരിക്കുമെന്നതാണ് ആകാംഷ. പരാതി പരിഗണിക്കുന്നതില്‍ ഭൂരിപക്ഷ അഭിപ്രായം നോക്കി തീരുമാനമെടുക്കാനും സാധ്യതയുണ്ട്.