details-about-pv-anwar-cm-m
  • ‘ഭരണം വീണ്ടും കിട്ടിയത് അങ്ങയുടെ മിടുക്കിലാണ്, പക്ഷേ ഇപ്പോള്‍ അതുമാറി’
  • ‘തുടര്‍ഭരണം കൊണ്ടുവന്ന സൂര്യന്‍ കെട്ടുപോയെന്ന് ഞാന്‍ പറഞ്ഞു’
  • ‘സിഎമ്മേ, നിങ്ങളുടെ ഗ്രാഫ് നൂറില്‍നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നു’

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പി.വി.അന്‍വര്‍ പുറത്തുവിട്ടു. വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചത്. പൊലീസിലെ പുഴുക്കുത്തുകളെ വച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്റെ പ്രസംഗത്തിൽ പറഞ്ഞു. ഞാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ‌ പോയി. രാവിലെ 9 മണിക്ക് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 മണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി മാത്രമേയുള്ളു ആരുമില്ല. 11 പേജടങ്ങുന്ന പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു.

അദ്ദേഹം വളരെ റിലാക്സ്ഡ് ആയിരുന്ന് പരാതി വായിച്ചു. ഇടയ്ക്കിടയ്ക്ക് കണ്ണാടിയുടെ ഇടയ്ക്കുകൂടി നോക്കും. ഇത്ര ഗൗരവമാണല്ലോ ഈ പ്രശ്നങ്ങള്‍ എന്ന നിലയ്ക്ക്. ഞാന്‍ അങ്ങനെ ഇരുന്നു ഒരു സാധുവായി. ഇതെല്ലാം പുള്ളി വായിച്ചുകഴിഞ്ഞു. അതില്‍ ഒരു മൂന്നുനാല് വിഷയങ്ങള്‍ എന്നോട് ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത്. ഞാന്‍ എന്റെ ഉള്ളുതുറന്ന് സംസാരിച്ചു.  അദ്ദേഹം എന്‍റെ ഉള്ളെടുക്കാനാണ് ചോദിക്കുന്നതെന്ന് എനിക്കറിയില്ല. 

ഞാന്‍ എന്‍റെ പിതാവിന്‍റെ സ്ഥാനത്തുകണ്ട് ഏറ്റവും വിശ്വസ്തനായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ അടുത്ത് ഈ കാര്യങ്ങള്‍ കൊടുക്കുകയാണ്. ഞാന്‍ ഉള്ളുതുറന്ന് ഈ കാര്യങ്ങള്‍ പറഞ്ഞു. അത് മുഴുവന്‍ കേട്ടു. അതുകഴിഞ്ഞ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. എനിക്ക് സി.എമ്മിനോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. ആരും സി.എമ്മിനോട് പറയില്ല. ഇനി പറയുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല എന്ന് പറഞ്ഞു. എന്നോടുപറഞ്ഞു നീ പറഞ്ഞോ എന്ന്.

സി.എമ്മേ നിങ്ങളോട് ജനങ്ങള്‍ക്ക് ഇപ്പോള്‍ വെറുപ്പന്ന് പറഞ്ഞു

സി.എമ്മേ അഞ്ചെട്ടുമാസം മുന്‍പ് സി.എമ്മിനോട് ഞാന്‍ പറഞ്ഞതാണ്. ഈ ശശിയും അജിത്കുമാറും ചതിക്കും. സി.എം സൂക്ഷിക്കണം. ഇവര്‍ കള്ളന്മാരാണ്. സി.എമ്മിന് ഓര്‍മയുണ്ടല്ലോ. എട്ടോ ഒന്‍പതോ മാസം മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവസാനം ഈ ഷാജന്‍ സ്കറിയയെ രക്ഷപെടുത്താന്‍ ഇവര്‍ കളിച്ച കളി എനിക്ക് ബോധ്യപ്പെടുകയാണ്. ആ തെളിവുകളോടെ ഞാന്‍ സി.എമ്മിനെ പോയി കാണുകയാണ്. അന്ന് ഷാജനെ ഡല്‍ഹിയില്‍ നിന്ന് രക്ഷപെടുത്താന്‍ കളിച്ച കളി ഞാന്‍ വിട്ട ആളുകള്‍ ഇത് നോക്കിക്കാണുകയാണ്. ആ കാര്യം കൃത്യമായി ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുകയാണ്. അപ്പോള്‍ അദ്ദേഹം കസേരയിലിരുന്നിട്ട് നിശ്വസിച്ചു. എന്‍റെ ഹൃദയത്തില്‍ തട്ടിയ നിശ്വാസമാണ് അത്. എന്നിട്ട് അദ്ദേഹം കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ട് പറഞ്ഞു ‘ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യുകയാണ് എന്ന്.  സത്യത്തില്‍ അത് എന്റെ മനസില്‍ കൊണ്ടു.

അപ്പോള്‍ എനിക്ക് മനസിലായി. എന്തോ ഒരു നിസഹായാവസ്ഥ എനിക്ക് ഫീല്‍ ചെയ്തു. അത് കഴിഞ്ഞു. ഞാന്‍ അത് മനസില്‍ വച്ചു. അതിനുശേഷമാണ് അരീക്കോട് സംഭവം. അതിനുശേഷം ഞാന്‍ ഇവരുടെ പിന്നാലെയാണ്. കാട്ടുകള്ളനാണ് ഈ പൊളിറ്റിക്കല്‍ സെക്രട്ടറി ഈ ശശി തന്നെയാണ് ഈ മനുഷ്യനെ വികൃതമാക്കുന്നത്.  പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയവും സി.എമ്മുമായി ചര്‍ച്ച ചെയ്യുന്നില്ല. പൊലീസില്‍ നടക്കുന്ന അഴിമതിയും അരാജകത്വവും നിരവധി അനവധി തവണ പറഞ്ഞിട്ടും ഒരനക്കവുമില്ല.  അപ്പോള്‍ ഈ കാട്ടുകള്ളനെ അവിടെ നിന്ന് താഴെയിറക്കണമെന്ന് ഞാന്‍ അന്ന് ദൃഢപ്രതിജ്ഞ ചെയ്തതാണ്. അതിന്‍റെ ഭാഗമാണ് ഞാന്‍ ഈ അന്വേഷിച്ച് വരുന്നത്.

 

മുഖ്യമന്ത്രിയോട് ഞാന്‍ പറഞ്ഞു. എട്ടൊന്‍പത് മാസം മുന്‍പ് ഞാന്‍ പറഞ്ഞത് സിഎമ്മിന് ഓര്‍മയുണ്ടല്ലോ. അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഒരു ചെറിയ ചിരി ചിരിച്ചു. യെസ് എന്ന പോലെ. 2021ല്‍ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം കൊണ്ടും പ്രവര്‍ത്തനം കൊണ്ടുമാണ്. ഞാനടക്കം ജയിച്ചത് സിഎമ്മിന്‍റെ വ്യക്തിപ്രഭാവം കൊണ്ടാണ്. സി.എമ്മേ നിങ്ങള്‍ കേരളത്തില്‍ കത്തിജ്വലിച്ചുനിന്ന ഒരു സൂര്യനായിരുന്നു. അത്ര ഇഷ്ടമായിരുന്നു ജനങ്ങള്‍ക്ക്. പക്ഷേ സി.എം അറിയുന്നില്ല, ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. ആ സൂര്യന്‍ കെട്ടുപോയി കേരളീയ പൊതുസമൂഹത്തില്‍. ഞാന്‍ ആത്മാര്‍ഥമായാണ് പറയുന്നത്. നെഞ്ചുതട്ടിയാണ്.

സി.എമ്മിന്‍റെ ഗ്രാഫ് ആ നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്നത് സി.എമ്മിന് അറിയില്ല. ആ ഗ്രാഫ് പൂജ്യത്തില്‍ നിന്ന് തിരിച്ചുകയറിയിട്ടുണ്ട് സി.എമ്മേ. 25–30 ശതമാനം കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. ഞാന്‍ പറഞ്ഞത് കേട്ടിരിക്കുകയാണ് സി.എം. എന്നിട്ട് ഞാന്‍ തൊട്ടടുത്ത് ശശി ഇരിക്കുന്ന കാബിനിലേക്ക് കൈ ചൂണ്ടി. എന്നിട്ട് പറഞ്ഞു, ഇതിന്‍റെ മുഴുവന്‍ കാരണക്കാരന്‍ അവനാണ്. സി.എം ഇനിയും അവനെ വിശ്വസിക്കരുത്. ഇതെല്ലാം ഈ മനുഷ്യന്‍ സാകൂതം കേട്ടിരിക്കുകയാണ്. അപ്പോഴേക്കും എനിക്ക് തൊണ്ടയിടറി. സംസാരിക്കാന്‍ കഴിയാതായി. കണ്ണില്‍ നിന്ന് വെള്ളം വന്നു.  കാരണം അങ്ങനെയൊരു ഫീലിങ്ങില്‍.

അങ്ങനെയല്ലേ നമ്മള്‍ ധരിച്ചുവച്ചത്. ഈ എട്ടുവര്‍ഷം ആ മനുഷ്യനെ സ്നേഹിച്ചത്. അദ്ദേഹം ഒരു തികഞ്ഞ സെക്കുലറിസ്റ്റും ഏറ്റവും നല്ല ഒരു കമ്യൂണിസ്റ്റും ഒരു അഴിമതിയും തൊട്ടുതീണ്ടാത്ത ഒരു മനുഷ്യനുമാണെന്ന ഉറച്ച വിശ്വാസത്തില്‍ എന്റെ പിതാവിനെപ്പോലെ ഞാന്‍ സ്നേഹിച്ച മനുഷ്യനാ. സ്വാഭാവികമായും നമ്മുടെ ഹൃദയം പൊട്ടിപ്പോകും. ഞാന്‍ കരഞ്ഞു അവിടെയിരുന്ന്.  പിന്നെ തിരിച്ചുവരാന്‍ അല്‍പം സമയമെടുത്തു.

മൂന്നുനാല് മിനിറ്റ് ഞാന്‍ അവിടെയിരുന്നു. കാരണം ഞാന്‍ കരഞ്ഞാല്‍ എന്‍റെ കണ്ണ് ചോരക്കട്ടയാകും (ചുവന്ന നിറമാകും). പുറത്ത് ആളുകള്‍ നില്‍ക്കുകയാണ്. എനിക്ക് സി.എമ്മിന്‍റെ കാബിനില്‍ നിന്ന് പുറത്തുകടക്കാന്‍ മാര്‍ഗമില്ല. അവിടെ ഇരുന്ന് കണ്ണൊക്കെ തുടച്ച് ഒന്നു ശാന്തമാകാന്‍ ശ്രമിച്ചു. ഒരു മൂന്നുമിനിറ്റ് എടുത്തിട്ടുണ്ടാകും.

അതിനുശേഷം ഞാന്‍ പറഞ്ഞു. സി.എമ്മേ ഈ അജിത്കുമാര്‍ ഈ അന്വേഷണത്തില്‍ ഉണ്ടായാല്‍ ഈ കേസില്‍ വലിയ പ്രയാസം വരും. അയാളെ മാറ്റിനിര്‍ത്തിക്കൂടേ. അയാളുടെ സ്വഭാവം ഈ കാര്യങ്ങള്‍ വായിച്ചപ്പോള്‍ത്തന്നെ സിഎമ്മിന് മനസിലായതല്ലേ. അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു, അതിന് ഡിജിപി ഉണ്ടല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഡിജിപി ആള് സാധുവല്ലേ സി.എമ്മേ, ഇത് എവിടെയെങ്കിലും എത്തുമോ. അപ്പോള്‍ സി.എം പറഞ്ഞു നമുക്ക് നോക്കാം എന്ന്. അപ്പോഴും ഞാന്‍ എന്താണ് വിചാരിക്കുന്നത്, ഇയാള്‍ വളരെ സത്യസന്ധമായ സ്റ്റാന്‍ഡാണെന്ന്.

ഇറങ്ങുമ്പെോള്‍ ഞാന്‍ ചോദിച്ചു സി.എമ്മേ പുറത്ത് പത്രക്കാരുണ്ട്. ഞാന്‍ ഇന്നലെ മുതല്‍ അവരെ കണ്ടിട്ടില്ല. ഇറങ്ങുമ്പോള്‍ അവരോട് എന്തെങ്കിലും പറയേണ്ടിവരും. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. അതിനെന്താ, നിങ്ങള്‍ പറഞ്ഞോ എന്ന് സിഎം പറഞ്ഞു. നിങ്ങള്‍ സൂക്ഷിച്ച് പറയണമെന്നോ, കരുതി പറയണമെന്നോ പറഞ്ഞില്ല. അപ്പോള്‍ എനിക്ക് വീണ്ടും ആവേശമായി. കാരണം സിഎം അത്രയും സപ്പോര്‍ട്ടല്ലേ.  ഞാന്‍ മുങ്ങി, എലി, പൂച്ച എന്നൊക്കെ വാര്‍ത്ത വരുന്ന സമയമാണ്. ഞാന്‍ വളരെ ശാന്തനായിരുന്നു അപ്പോള്‍. സിഎമ്മിന്‍റെ പെരുമാറ്റത്തില്‍ ഞാന്‍ പൂര്‍ണ ത‍ൃപ്തനായിരുന്നു. അതുകഴിഞ്ഞ പിറ്റേന്ന് ഗോവിന്ദന്‍ മാഷെ കാണുന്നു. അതിനുശേഷം ഞാന്‍ കുറച്ച് രൂക്ഷമായി മാധ്യമങ്ങളോട് സംസാരിച്ചു. അത് നിങ്ങള്‍ എലി, പൂച്ച എന്നൊക്കെ വാര്‍ത്ത കൊടുത്തതുകൊണ്ടാണ്.

ENGLISH SUMMARY:

PV Anwar released the details of the meeting with the Chief Minister.