govindan-anwar

പരസ്യപ്രതികരണം പാടില്ലെന്ന് സി.പി.എം രണ്ടാമതും വിലക്കിയതിനു പിന്നാലെ വിലക്ക് ലംഘിച്ച് പി.വി.അന്‍വറിന്റെ  വാര്‍ത്താസമ്മേളനം ഉടന്‍. എംഎൽഎ സ്ഥാനം ഒഴിയാനും മടിക്കില്ലെന്നാണ് സൂചന. നാലരയ്ക്ക് നിലമ്പൂർ റസ്റ്റ്ഹൗസിലാണ് വാർത്താ സമ്മേളനം. ആത്മാഭിമാനമാണ് പ്രധാനമെന്നും അതിത്തിരി കൂടുതലാണെന്നുമാണ് അന്‍വറിന്റെ അറിയിപ്പ്. മെരുങ്ങാനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയതോടെ അന്‍വറിനെ ‌വിലക്കിയിട്ടില്ലെന്ന് പതുങ്ങി പാര്‍ട്ടിയും. വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വിലക്കിയിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ മനോരമന്യൂസിനോടു പ്രതികരിച്ചത്. വരട്ടെ, നോക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു. 

Read Also : ‘നീതിയില്ലെങ്കില്‍ നീ തീയാവുക’; എഫ്ബി പോസ്റ്റുമായി അന്‍വര്‍; ഇന്ന് മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ പോരിനിറങ്ങിയ പി.വി.അൻവറിനെ സിപിഎമ്മും കൈവിട്ടിരുന്നു. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്തക്കുറിപ്പിറക്കിയിരുന്നു. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. ‘ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിക്കും കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. 

 

പരാതിയിലെ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ പാർട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകൾ ഇതായിരിക്കെ, സർക്കാരിനും പാർട്ടിക്കുമെതിരെ മാധ്യമങ്ങളിലൂടെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നു. നിലപാടുകൾ തിരുത്തി, പാർട്ടിയെ ദുർബലമാക്കുന്ന സമീപനത്തിൽനിന്ന് അൻവർ പിന്മാറണമെന്ന് അഭ്യർഥിക്കുന്നു’ – വാർത്തക്കുറിപ്പിലെ  വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.  പാർട്ടിക്കുറിപ്പ് മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തു. 

ഇതോടെ പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ എംഎൽഎ അന്ന് പറയുകയും ചെയ്തു. താല്‍ക്കാലിക വെടിനിര്‍ത്തലിനു ശേഷമാണ് വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎല്‍എ ഇന്ന് വീണ്ടും രംഗത്തെത്തിയത്. 

ENGLISH SUMMARY:

'When denied justice, you have to become fire': PV Anvar to meet press at 4.30 pm