നിയമസഭാ സമ്മേളനത്തിന് മുമ്പ് എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ. എഡിജിപിക്കെതിരെ ഡിജിപി നടത്തുന്ന അന്വേഷണം ഒക്ടോബർ മൂന്നിന് തീരുന്നതിനാൽ ഒക്ടോബർ നാലിന് തുടങ്ങുന്ന നിയമസഭാ സമ്മേളന കാലത്ത് അജിത് കുമാർ കസേരയിൽ ഉണ്ടാകരുതെന്നാണ് സിപിഐ ആവശ്യപ്പെടാൻ പോകുന്നത്. ഡൽഹിയിലുള്ള സിപിഎം നേതാക്കൾ തലസ്ഥാനത്ത് തിരിച്ചെത്തിയാൽ ഈ ആവശ്യം സിപിഐ മുന്നോട്ടുവച്ചേക്കും. Also Read: റവന്യൂമന്ത്രിയുടെ വഴി മുടക്കി
എഡിജിപി ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ പാർട്ടി വിരുദ്ധനായതോടെ എം.ആർ അജിത് കുമാറിനെ മുഖ്യമന്ത്രി വീണ്ടും സംരക്ഷിക്കുമോ എന്ന സംശയം സിപിഐക്കുണ്ട്. അൻവറിന്റെ പരാതിയിൽ നടക്കുന്ന അന്വേഷണത്തിൽ അജിത് കുമാറിനെ മാറ്റിയാൽ അൻവർ പറഞ്ഞതെല്ലാം ശരിയെന്നു വരും എന്നതാണ് എഡിജിപിക്കുള്ള അനുകൂല ഘടകം . സഭാ സമ്മേളനത്തിന് മുമ്പ് അജിത് കുമാറിനെ മാറ്റിയാൽ അതും പ്രതിപക്ഷം ആയുധമാക്കുമെന്ന് ഇടതുനേതാക്കൾ സൂചിപ്പിക്കുന്നു. മുകേഷിനെ മാറ്റണമെന്ന് ആവശ്യം സിപിഎം തള്ളിയതിന് പിന്നാലെ, അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യത്തിനും അനുകൂല തീരുമാനമെടുക്കാത്തത് സിപിഐക്ക് കനത്ത ക്ഷീണം ആയിട്ടുണ്ട്.