പി.വി. അൻവറിന്‍റെ പരാതിയിൽ അന്വേഷണം വേണമെന്ന് എ‌ഐ‌‌വൈ‌എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുൺ മനോരമ ന്യൂസിനോട്. അൻവറിന്‍റെ വെളിപ്പെടുത്തലുകൾ ഗൗരവതരമാണ്. കുറ്റക്കാരെങ്കിൽ നടപടി വേണം. എ‍‍ഡിജിപിയെ പുറത്താക്കണം എന്ന നിലപാടിൽ നിന്ന്  എഐവൈഎഫ് പിന്നോട്ടില്ല. എ‍‍ഡിജിപി തുടരുന്നത് ഇടതു സർക്കാരിന് അപമാനമാണെന്നും  എ‍‍ഡിജിപിയെ പുറത്താക്കിയില്ലെങ്കിൽ സർക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്നും എന്‍. അരുൺ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, എം.ആര്‍.അജിത്കുമാറിനെ നിയമസഭാ സമ്മേളനത്തിന് മുന്‍പ് മാറ്റുമെന്ന പ്രതീക്ഷയില്‍ സിപിഐ. രാഷ്ട്രീയ നിലപാട് പരസ്യമായി പറയുന്നതിനൊപ്പം മുന്നണിക്ക് മേല്‍ ഇതിനായി സിപിഐ നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് മൂന്നാം തീയതി നടക്കുന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉഭയകക്ഷി ചര്‍ച്ചയുടെ വിവരങ്ങള്‍ അറിയിക്കും. 

മുകേഷിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി അടുത്തിടെ സിപിഐ ആദ്യം സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം സിപിഎം നിഷ്കരുണം തള്ളി. ഇതിനെ പിന്നാലെയാണ് എഡിജിപി – ആര്‍ എസ് എസ് നേതാക്കളുടെ കൂടിക്കാഴ്ച വിവാദമായത്.  എം.ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ബിനോയ് വിശ്വം ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും നടന്നിട്ടില്ല.  ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന സമീപനമാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്.  ഡിജിപി അന്വേഷിക്കേണ്ട പ്രശ്നമല്ല ഇടതുനയത്തിന്‍റെ ഭാഗമാണെന്ന് ബിനോയ് വിശ്വം പറഞ്ഞിട്ടും ഫലം കണ്ടില്ല. 

നാലാം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ അതിന് മുന്‍പ് തന്നെ എം ആര്‍ അജിത്കുമാറിനെ മാറ്റണമെന്ന് സിപിഐ വീണ്ടും ആവശ്യപ്പെടും. സിപിഎമ്മിന്‍റെ മറുപടി മൂന്നാം തീയതിയെ സംസ്ഥാന നിര്‍വാഹക സമിതിയില്‍  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അറിയിക്കേണ്ടി വരും. അജിത്കുമാറിനെ മാറ്റുമെന്ന് ഉറപ്പ് സിപിഐ വാങ്ങിയെടുത്തില്ലെങ്കില്‍ നിര്‍വാഹക സമിതിയില്‍ ബിനോയ് വിശ്വം വിമര്‍ശനവും ഏറ്റുവാങ്ങും.  അന്‍വര്‍ നല്‍കിയ പരാതിയിലാണ്  അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത് എന്നതിനാല്‍ അജിത്തിനെ മാറ്റുന്നത് അന്‍വറിന്‍റെ വിജയമാകുമെന്ന ചിന്തയും ഇടതുമുന്നണി നേതാക്കള്‍ക്കുണ്ട്. 

ENGLISH SUMMARY:

PV Anwar's revelations are serious; complaints should be investigated; AIYF