മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളിൽ മൗനംപാലിച്ചും രാജ്യത്തെ മറ്റ് ചർച്ചാവിഷയങ്ങളെല്ലാം പരാമർശിച്ചും സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ വാർത്താക്കുറിപ്പ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾ നടത്താൻ പാർട്ടി തീരുമാനിച്ചു.  

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ വരെ ആശങ്ക അറിയിച്ച സി.പി.എം കേന്ദ്രകമ്മിറ്റി, പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളൊന്നും അറിഞ്ഞില്ല.

പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ ഡൽഹിയിൽ നടക്കുമ്പോഴാണ് ഭരണകക്ഷി എം.എൽ.എ ആയ പി.വി.അൻവർ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറിയും ഡൽഡഹിയിൽവച്ചുതന്നെ വാർത്താസമ്മേളനം വിളിച്ച് മറുപടിയും നൽകി. 

Also Read: മലപ്പുറത്തുകാരെ രാജ്യദ്രോഹികളാക്കുന്നത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍; മുഖ്യമന്ത്രിക്കെതിരെ ലീഗ്

ഇതേക്കുറിച്ച് ഒരു വരിപോലും കേന്ദ്രകമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽ ഇല്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച സി.സി, ഭരണകക്ഷി എം.എൽ.എ ആയ മുകേഷിനെതിരായ കേസിനെ കുറിച്ചും പരാമർശിച്ചില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഇന്ധനവില വർധന, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ  സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.

മണിപ്പുരിൽ മുഖ്യമന്ത്രിയെ മാറ്റി പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ശ്രമിക്കണം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്  ഒക്ടോബർ ഏഴ് പ്രതിഷേധദിനമായി ആചരിക്കുമെന്നും സി.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ENGLISH SUMMARY:

CPM central committe silent on allegations against Pinarayi Vijayan.