മുഖ്യമന്ത്രിയുടെ  മലപ്പുറം പരാമര്‍ശത്തില്‍ കൊമ്പുകോര്‍ത്ത് ഭരണ- പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മന്ത്രി എം.ബി രാജേഷും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ അജണ്ടയാണെന്ന് മുഹമ്മദ് റിയാസും ആരോപിച്ചപ്പോള്‍ മലപ്പുറം എല്ലാവരുടേതുമാണന്നായിരുന്നു എം വി ഗോവിന്ദന്‍റെ പ്രതികരണം. അതേസമയം മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത്  സംഘപരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെയും ലീഗിന്റേയും ആരോപണം.. 

മലപ്പുറം എല്ലാവരുടേതുമാണെന്ന ഒറ്റവരിയിലായിരുന്നു  പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മറുപടി. മലപ്പുറത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളെ നേരിട്ട് എതിര്‍ത്ത നേതാവാണ് പിണറായി വിജയനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു  മന്ത്രി എം.ബി രാജേഷിന്‍റെ പ്രതിരോധം.

യുഡിഎഫിന്‍റെ സ്ലീപിങ് പാര്‍ട്ണറായ ജമാ അത്തെ ഇസ്ലാമിയാണ് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആരോപിച്ചു. 

Also Read: മുഖ്യമന്ത്രിയുടെ അഭിമുഖം: വിവാദഭാഗം ന‍ല്‍കിയത് പി.ആര്‍. ഏജന്‍സി; വിശദീകരണവുമായി ദ് ഹിന്ദു

ആര്‍.എസ്.എസ് കൂട്ടുകെട്ട് പുറത്തായതിന്‍റെ ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരായ പ്രസ്താവനയെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ പറഞ്ഞു. മലപ്പുറത്തെ ഒറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. 

അന്‍വറിന് മറുപടി നല്‍കാന്‍‌ കഴിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ചര്‍ച്ച വഴി തിരിച്ചുവിടുന്നതെന്നായിരുന്നു  പി.എം.എ സലാമിന്‍റെ ആരോപണം.

ENGLISH SUMMARY:

Political clash over chief ministers Malappuram remarks