മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്. സ്വന്തം ഫെയ്സ്ബുക് പേജില്‍ അന്‍വര്‍ തന്നെയാണ് പരാതി പുറത്തുവിട്ടത്. പി.ശശിക്കും എഡിജിപി എം.ആര്‍.അജിത്കുമാറിനുമെതിരെ അതീവഗുരുതരമായ ആരോപണങ്ങളും അതിരൂക്ഷമായ വിമര്‍ശനവുമാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് അന്‍വര്‍ തനിക്ക് നല്‍കിയതെന്ന് എം.വി.ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പരാതിയില്‍ പറയുന്ന എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിവുള്ളതാണെന്ന് വ്യക്തം.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ചുമതലയുള്ള പൊളിറ്റിക്കല്‍ സെക്രട്ടറി ആ ചുമതല നിറവേറ്റുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് അന്‍വര്‍ ആരോപിക്കുന്നു. മാത്രമല്ല ഉദാഹരണസഹിതം പി.ശശിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി പറയാനെത്തിയ സ്ത്രീകളില്‍ ചിലരുടെ ഫോണ്‍ നമ്പര്‍ വാങ്ങി അവരോട് ഗൂഢ ഉദ്ദേശ്യത്തോടെ സംസാരിച്ചുവെന്നും അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അറിയിച്ചു. എഡിജിപി എം.ആര്‍.അജിത്കുമാര്‍ കോഴ വാങ്ങിയതിന്‍റെ ഉദാഹരണങ്ങളും സോളര്‍ കേസിലടക്കം നടത്തിയ ഇടപെടലുകളും പരാതിയില്‍ നിരത്തിയിട്ടുണ്ട്.
പി.വി.അന്‍വര്‍ എം.വി.ഗോവിന്ദന് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം (അന്‍വര്‍ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ചത്):
സഖാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
സെക്രട്ടറി,സി.പി.ഐ (എം)
കേരളം
സഖാവേ,
കഴിഞ്ഞ ഒരാഴ്ചയായി ഞാൻ പൊതുസമൂഹത്തോട് പറഞ്ഞതും പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിന്മേലുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സഖാവ് പി ശശിയുമായി ബന്ധപ്പെട്ട് എനിക്ക് ചില പരാതികൾ ബോധിപ്പിക്കാനുണ്ട്.
സഖാവ് പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പാർട്ടി അവരോധിക്കാനുണ്ടായ കാരണം ഒന്നാം പിണറായി സർക്കാരിന്‍റെ കാലം തൊട്ട് വാർത്താ മാധ്യമങ്ങളും കേന്ദ്ര സർക്കാർ ഏജൻസികളും ഇല്ലാക്കഥകളും, കള്ളക്കേസുകളും സർക്കാരിനും പാർട്ടി നേതാക്കളുടെയും പേരിൽ ആരോപിച്ചപ്പോൾ അതിലൂടെ പാർട്ടിയെയും പാർട്ടി നേതാക്കന്മാരെയും ഇകഴ്ത്തിക്കാട്ടുന്ന രീതിക്ക് തടയിടാനും ജനങ്ങൾ വിശ്വാസമർപ്പിച്ച് വീണ്ടും അധികാരത്തിലെത്തിച്ച രണ്ടാം പിണറായി സർക്കാരിനെ, ഇത്തരത്തിലുള്ള വിഷയങ്ങൾ വരുമ്പോഴുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സൂക്ഷ്മമായും രാഷ്ട്രീയ നിരീക്ഷണം നടത്തി, ഗവണ്‍മെന്‍റിനെയും പാർട്ടിയെയും നല്ല രീതിയിൽ മുന്നോട്ടുകൊണ്ട് പോകുന്നതിന് വേണ്ടിയാണെന്ന് ഞാൻ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ കഴിവും ശേഷിയും ഇതിനായി ഉപയോഗിക്കാം എന്നാണ് പാർട്ടി നേതൃത്വം കരുതിയിട്ടുണ്ടാവുക. എന്നാൽ ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്നുമാത്രമല്ല സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രയത്നിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താല്‍പര്യത്തോടൊപ്പം നിൽക്കുന്ന സംസ്ഥാന പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകളോടൊപ്പം ചേർന്ന് ഈ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രയാസത്തിലാക്കുകയും സാധാരണക്കാരായ ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ കൂട്ടുനിൽക്കുകയും ചെയ്തുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
പോലീസിൽ ക്രൈം ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പടെയുള്ള വിവിധ ഏജൻസികൾ ഉണ്ടായിട്ടും സുജിത് ഐ.പി.എസിനെ മൂന്നുവർഷത്തിലധികം മലപ്പുറം ജില്ലാ പോലീസ് മേധാവിയായി ഇരുത്തിക്കൊണ്ട് ചരിത്രത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത വിധം കസ്റ്റംസ് വകുപ്പിനെ നോക്കുകുത്തിയാക്കി, ചില കസ്റ്റംസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിക്കൊണ്ടുവരുന്നവരെ എയർപോർട്ട് പരിസരത്ത് നിന്നും പിടികൂടി, കൊണ്ടുവന്ന സ്വർണം കസ്റ്റംസിന് കൈമാറാതെ തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിലേക്കും സ്വകാര്യ കേന്ദ്രങ്ങളിലേക്കും ഈ കാരിയർ പാസഞ്ചറെ കൊണ്ടുപോയി മൃഗീയമായി മർദിച്ചും 'ഞങ്ങൾ പറയുന്നത് പോലെ കോടതിയിൽ പറഞ്ഞില്ലെങ്കിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി പുറംലോകം കാണിക്കാത്ത വിധം അകത്തിടുമെന്നും' മറ്റും പറഞ്ഞ് പാസഞ്ചറെ പേടിപ്പിച്ച് വരുതിയിലാക്കിക്കൊണ്ട് 30 മുതൽ 40 ശതമാനം സ്വർണം കവരുകയും, അവ കൊണ്ടോട്ടിയിലെ ചില സ്വർണപ്പണിക്കാരുടെ അടുത്തുകൊണ്ടുപോയി ഉരുക്കി രൂപമാറ്റം നടത്തി, 102 CRPC കളവിന് കേസ് എടുത്ത്, തൊണ്ടി മുതലോടെ കരിപ്പൂർ പോലീസിൽ GD ഇട്ട് കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയാണ് പതിവ്.
സ്വർണവുമായി വരുന്ന പാസഞ്ചറെ മേല്‍പ്പറഞ്ഞ രീതിയിൽ ക്രൂരമായി മർദിക്കുകയും മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അതോടൊപ്പം പാസഞ്ചറിന് നല്ലൊരു തുക പാരിതോഷികമായി നൽകി കരിപ്പൂർ പോലീസിൽ രജിസ്റ്റർ ചെയ്യാതെ സ്വർണം പൂർണമായും കവർന്നെടുക്കുകയും ചെയ്യുക എന്നതാണ് തട്ടിപ്പിന്‍റെ മറ്റൊരു രീതി. പുറംലോകമറിയാതെയാണ് ക്രിമിനൽ പോലീസ് സംഘം ഇത്തരത്തിലുള്ള കൊള്ള നടത്തുന്നതെങ്കിലും മലപ്പുറത്ത്, പ്രത്യേകിച്ച് കൊണ്ടോട്ടി അങ്ങാടിയിൽ ഇതെല്ലാം അങ്ങാടിപ്പാട്ടാണ്. എസ്.പി സുജിത് ദാസ് ജില്ലാ പോലീസ് മേധാവിയായിരിക്കെ മൂന്ന് വർഷത്തോളം 150-ഓളം കേസുകൾ പോലീസ് ഈ രീതിയിൽ കൈകാര്യം ചെയ്തിട്ടും, ശക്തമായ ഇന്റലിജൻസ്, ക്രൈം ബ്രാഞ്ച് സംവിധാനങ്ങൾ സംസ്ഥാനത്ത് നിലനിന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കൽ സെക്രട്ടറി ഇക്കാര്യങ്ങൾ അറിയാതെ പോയി എന്നത് എന്നെപ്പോലെ തന്നെ ഒരാൾക്കും വിശ്വസിക്കാൻ പ്രയാസമാണ്. മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിന്തുണ ഈ കൃത്യത്തിന് ഉണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞ് പ്രചരിപ്പിക്കുന്നത്. രാത്രി 11 മണിക്കുശേഷം എയർപോർട്ട് പരിസരത്തെ ഹോട്ടലുകൾ ഉൾപ്പടെ ഒരു സ്ഥാപനവും തുറക്കാൻ പാടില്ലെന്ന അലിഖിത നിയമവും ഇവിടെ നടപ്പാക്കുന്നുണ്ട്. കേവലം ഒരു ജില്ലാ പോലീസ് മേധാവി മാത്രം വിചാരിച്ചാൽ വർഷങ്ങളോളം ഇങ്ങനെ തുടരാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയുമോ? എ.ഡി.ജി.പി അജിത്കുമാറിന്‍റെ പരിപൂർണ പിന്തുണയോടെയും സഹായത്തോടും കൂടിയാണ് ഇക്കാര്യങ്ങൾ നടന്നത് എന്ന ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഇതിന്‍റെ പങ്ക് പൊളിറ്റിക്കൽ സെക്രട്ടറിക്കും ലഭിക്കുന്നു എന്നതാണ് നാട്ടുവർത്തമാനം. ഇക്കാര്യം ഗൗരവമായി പാർട്ടി പരിശോധിക്കേണ്ടതുണ്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരിൽക്കാണാൻ വേണ്ടി വരുന്ന MLA മാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, പാർട്ടിയുടെ ലോക്കൽ സെക്രട്ടറി പദവിക്ക് മുകളിലേക്കുള്ള നേതാക്കന്മാർ തുടങ്ങിയവര്‍ പൊളിറ്റിക്കൽ സെക്രട്ടറിയെ വന്നുകണ്ടാൽ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നതിന് പകരം ‘കാര്യങ്ങൾ ഞാൻ പറഞ്ഞോളാം’ എന്നുപറഞ്ഞ് ഇവരെ മടക്കി വിടുകയാണ് പതിവ്. രാഷ്ട്രീയപരമായും നാടിന്‍റെ വികസനപരമായും ഉള്ള കാര്യങ്ങളുമായിട്ടാണ് ഈ നേതാക്കൾ ബഹു. മുഖ്യമന്ത്രിയെ കാണാൻ വരുന്നത്. എന്നാൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഈ മറയിടൽ പ്രാദേശികമായി നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളും വികസന കാര്യങ്ങളും മുഖ്യമന്ത്രിയിൽ എത്താതിരിക്കാനുള്ള ദുരുദ്ദേശ്യം തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആയതിനാൽ താഴെക്കിടയിലുള്ള ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രി അറിയരുത് എന്ന പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിഗൂഢമായ അജന്‍ഡ പാർട്ടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ ലോക്കൽ സെക്രട്ടറിമാരടക്കമുള്ള പാർട്ടി നേതാക്കൾക്ക് മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഇടപെടാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. പാർട്ടിയെ സഹായിക്കുന്ന അനുഭാവിയോ പാർട്ടി പ്രവർത്തകനോ എതിരെയാണ് പരാതിയെങ്കിൽ അവരെ വിളിച്ചു വരുത്തി ‘നീ സഖാവാണല്ലേടാ’ എന്നാക്രോശിച്ച് കൂടുതൽ മർദിക്കുകയും കൂടുതൽ ഫൈൻ അടപ്പിക്കുകയും പരസ്യമായി സ്റ്റേഷനിൽ വെച്ച് അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉള്ളത്. പോലീസിന്‍റെ രീതി ഇത്തരുണത്തിലായിരിക്കെ പാർട്ടിയുടെ ഒരു വലിയ അനുഭാവിവൃന്ദം വലിയ രീതിയിൽ പാർട്ടിയിൽ നിന്നകലുകയും പൊതു വിഷയങ്ങളിൽ ഇടപെട്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ചിരുന്ന പല സഖാക്കളും ഈ രംഗത്ത് വളരെ നിർജീവമാകുകയും ചെയ്തു. ഇത് പാർട്ടി പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ UDF നേതാക്കളും RSS-BJP നേതാക്കളും പണക്കാരും മാഫിയ സംഘങ്ങളും ഈ രംഗത്തേക്ക് കടന്നു വന്ന് പോലീസ് സ്റ്റേഷനുകളിൽ അവരുടെ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട് . മലപ്പുറം ജില്ലയിലെ ഏരിയ സെക്രട്ടറിമാരെയോ ലോക്കൽ സെക്രട്ടറിമാരെയോ നേരിട്ട് വിളിച്ച് ഒന്നന്വേഷിച്ചാല്‍ സംസ്ഥാന നേതൃത്വത്തിന് ഇത് ബോധ്യപ്പെടും. ഈ വിഷയത്തിലും പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിലെ അദ്ദേഹം അങ്ങേയറ്റം പരാജയപ്പെട്ടതായി ഞാൻ മനസിലാക്കുന്നു. ഇതിന് ഉദാഹരണമായി എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത് അരീക്കോട് നടന്ന നവകേരള സദസ്സിൽ ഉണ്ടായ സംഭവ വികാസങ്ങളും പാലക്കാട് വച്ചുള്ള പത്രക്കാരുടെ ചോദ്യത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നൽകിയ മറുപടിയും അത് കഴിഞ്ഞ് പാർട്ടി പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുമാണ്. അരീക്കോട് സംഭവം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്.
ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ ഈ ദുഷ്പ്രവർത്തികൾ മൂലം MLA മാർ അടക്കമുള്ള ജനപ്രതിനിധികളെ ബഹുമാനിക്കാനോ ഗൗനിക്കാനോ നിൽക്കേണ്ടതില്ല എന്ന ഒരു പുതിയ സംസ്കാരം പോലീസിൽ ഉടലെടുത്തിട്ടുണ്ട്. ഈ സംസ്കാരം ഇനിയും വളർന്നാൽ ആത്മാഭിമാനം ഓർത്ത് പൊതുപ്രവർത്തകർക്ക് ഭാവിയിൽ പോലീസ് സ്റ്റേഷനുകൾ സംബന്ധിച്ച വിഷയങ്ങളിൽ ഇടപെടാൻ കഴിയാതെ വരികയും പോലീസ് സ്റ്റേഷനുകൾ അരാജകത്വ കേന്ദ്രങ്ങളായി മാറുകയും ചെയ്യും. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തന്നെയാണെന്നാണ് എന്റെ അഭിപ്രായം.
ഇനി നേരിട്ട് എന്‍റെ സ്വന്തം ചില അനുഭവങ്ങൾ വിശദീകരിക്കാം :
1) ഷാജൻ സ്കറിയ കേസ് :
കേരളത്തിലെ കുപ്രസിദ്ധനായ യൂട്യൂബർ ഷാജൻ സ്കറിയയുടെ വിഷയം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും കുടുംബത്തെയും, കോടിയേരി സഖാവിനെയും കുടുംബത്തെയും, ഇടതുപക്ഷ മന്ത്രിമാർ, പാർട്ടി നേതാക്കൾ ഉൾപ്പടെ നിരവധി പൗരപ്രമുഖർക്കെതിരെ നിരന്തരമായി കള്ളവാർത്തകൾ ചെയ്ത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച് പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുകയും കള്ളന്മാരും കൊള്ളക്കാരുമാണെന്ന് മുദ്ര കുത്തുകയുംചെയ്ത് മറുനാടൻ മലയാളി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വാർത്തകൾ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയുമായിരുന്നു അയാൾ. കേരള സംസ്ഥാനത്ത് ക്രമസമാധാനത്തകർച്ച ഉണ്ടാക്കുന്നവിധം മതവിശ്വാസികളെ തമ്മിലടിപ്പിക്കുന്ന നൂറുകണക്കിന് വിഡിയോകൾ പ്രക്ഷേപണം ചെയ്ത് വർഗീയ ശക്തികളിൽ നിന്നും പണം സ്വരൂപിക്കുന്നുണ്ടായിരുന്നു അയാൾ. ഇയാളുടെ പ്രവർത്തന രീതി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരിൽക്കണ്ട് വിശദീകരിക്കുകയും തെളിവുകൾ കാണിച്ചു കൊടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ നിയമപരമായി കേരളത്തിലുടനീളം സഖാക്കളെ കൂട്ടുപിടിച്ച് ഇത്തരം വിഡിയോകൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതുമാകുന്നു. ഈ വിഷയം ഉന്നയിച്ചു കൊണ്ട് നിരവധി തവണ പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും നേരിൽക്കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തതാണ്. കേസിന്റെ ഒന്നാം ഘട്ടത്തിൽ അജിത്‌കുമാർ ഒരു പരിധി വരെ താല്‍പര്യം കാണിച്ചിരുന്നു.
ഇതിനിടയിലാണ് കൊറോണക്കാലത്ത് അയാളുടെ ചാനലിലൂടെ ഒരു വൻ അപരാധം ഇയാൾ ചെയ്തതായി അറിയാൻ കഴിഞ്ഞത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ അദ്ദേഹത്തിന്റെ ജൂനിയർ ഓഫീസർമാർക്ക് വയർലെസ്സ് മുഖാന്തിരം നൽകുന്ന സീക്രട്ട് മെസ്സേജും കോഴിക്കോട് പോലീസ് കമ്മിഷണർ, അദ്ദേഹത്തിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥനെ (സർക്കിൾ ഇൻപെക്ടർ ) വയർലസിലൂടെ ശാസിക്കുന്നതും ചോർത്തിയെടുത്ത് ഇയാൾ പൊതുജനമധ്യത്തിൽ പ്രക്ഷേപണം ചെയ്തു. ഈ വിഡിയോകൾ ഡൗൺലോഡ് ചെയ്ത് ഒരു പെൻഡ്രൈവിലാക്കി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കാണിച്ചപ്പോൾ, ഇവനെതിരെ പരാതി കൊടുത്താൽ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.
ഈ വിഷയം വീണ്ടും പൊളിറ്റിക്കൽ സെക്രട്ടറിയെക്കണ്ട് ബോധ്യപ്പെടുത്തിയതും ഷാജൻ സക്കറിയയെ അറസ്റ്റ് ചെയ്ത് നിയമത്തിന്‍റെ മുന്നിൽക്കൊണ്ടുവരുമെന്നും ജയിലിലടയ്ക്കുമെന്നും എനിക്ക് ഉറപ്പ് നൽകിയതാണ്. എഡിജിപിയെയും ഞാൻ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമവിദഗ്‌ധരുമായി ആലോചിച്ച് കൃത്യമായ പരാതി തയാറാക്കുകയും ഈ പരാതിയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന്റെ പരിധിയിൽ വരുന്ന 66 എഫ് കുറ്റമാണ് ഷാജൻ സ്കറിയ ചെയ്തിട്ടുള്ളതെന്നും IT ACT 2000 പ്രകാരം ഇത് ടെററിസ്റ്റ് ആക്ടിവിറ്റി ആണെന്നും കാണിച്ചുകൊണ്ട് വിശദമായ പരാതി നൽകിയിരുന്നു. ഈ കുറ്റം ജാമ്യം ലഭിക്കാത്തതും 14 വര്‍ഷം വരെ തടവ് ലഭിക്കുന്നതുമാണ്. ഒന്നാംഘട്ടത്തിൽ അജിത് കുമാർ ഇത് ഗൗരവമായി എടുത്തെങ്കിലും പിന്നീട് അന്വേഷണം അയയുന്നതായിട്ടാണ് എനിക്ക് മനസ്സിലായത്. ഷാജൻ സ്കറിയ എവിടെയുണ്ടെന്ന് കണ്ടു പിടിക്കാൻ സഹായിക്കണമെന്ന് എഡിജിപി പറഞ്ഞിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ എന്റെ സുഹൃത്തുക്കളും സഖാക്കളുമൊക്കെയുമായി ബന്ധപ്പെട്ട് ഇവനെ കണ്ടെത്താൻ വലിയ പരിശ്രമം നടത്തിയിരുന്നു. എന്റെ അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിൽ ഇയാൾ പുണെയിലുണ്ടെന്ന വിവരം ലഭിക്കുകയും ആ വിവരം എഡിജിപിയെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്വേഷണ സംഘം അവരുടെ സ്ഥലത്ത് എത്തിയപ്പോഴേക്കും ഞാൻ എഡിജിപിക്ക് സ്വകാര്യമായി നൽകിയ വിവരം ആരോ ചോർത്തി ഷാജൻ സ്കറിയയ്ക്കും ടീമിനും പറഞ്ഞ് കൊടുക്കുകയും അവൻ രക്ഷപ്പെടുകയും ചെയ്തു.
ഈ വിഷയത്തിൽ എഡിജിപിയോട് ഞാൻ അല്‍പം നീരസം പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം ഷാജൻ സ്കറിയ ഡൽഹിയിൽ ഉണ്ടെന്നും സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യത്തിനായി സീനിയർ അഡ്വക്കറ്റിനെ കാണാൻ എത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചു. അയാൾ ഡൽഹിയിലെ ഒരു സീനിയർ വക്കീലിൽ നിന്നും കേസ് ചർച്ചക്കായി അപ്പോയിന്‍മെന്‍റ് പണമടച്ചിട്ടുണ്ടെന്നും രാത്രി 7 മണിക്കും 9 മണിക്കും ഇടയിൽ വക്കീലിന്‍റെ വീട്ടിലെ ഓഫീസിൽ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, ഡൽഹിയിലുള്ള അന്വേഷണ സംഘത്തിലെ തലവനെ മാത്രമേ ഈ വിവരം അറിയിക്കാവൂ എന്ന് പ്രത്യേകം പറഞ്ഞുകൊണ്ട് ഈ വിവരം എഡിജിപിക്ക് കൈമാറി. പക്ഷെ ഈ വിവരവും ഷാജൻ സ്കറിയ ടീമിന് ആരോ ചോർത്തി കൊടുത്തതിന്‍റെ അടിസ്ഥാനത്തിൽ പറഞ്ഞ സമയത്ത് ഷാജൻ വക്കീലിനെ കാണാൻ വന്നില്ല. ഈ സംഭവത്തോടുകൂടിയാണ് എഡിജിപിയോട് എനിക്ക് ശക്തമായ സംശയം ഉണ്ടാകുന്നത്. പിന്നീട് എനിക്ക് വന്ന നമ്പർ തിരിച്ചറിയാത്ത ഒരു ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി ഇക്കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നത്. IT ആക്ട് 2000 പ്രകാരം, 66 F വകുപ്പ് ചുമത്തിയാൽ ഷാജൻ സ്കറിയ 14 വര്‍ഷം ജയിലിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ സഹോദരങ്ങൾ ഇടനിലക്കാരൻ വഴി എഡിജിപിയെ ബന്ധപ്പെടുകയും 2 കോടി രൂപ കൈക്കൂലി നൽകുകയും ഇതിൽ ഒരു കോടി രൂപ UK യിലുള്ള എഡിജിപിയുടെ സുഹൃത്തിന് യൂറോ ആയി കൈമാറുകയും ചെയ്തിട്ടുണ്ടെന്നും 3 മാസം കഴിഞ്ഞാൽ 50 ലക്ഷം നൽകാമെന്നും ബാക്കി 50 ലക്ഷം യൂറോ ആയിട്ട് തന്നെ സുഹൃത്തിന് നൽകാമെന്ന രീതിയിൽ സെറ്റില്‍ ആയിട്ടുണ്ടെന്നായിരുന്നു ആ ഫോൺ കാൾ. ഇത് വാസ്തവമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് IT ആക്ട് 2000 പ്രകാരം, 66 F രജിസ്റ്റർ ചെയ്ത ഒരു കേസിൽ വേണമെങ്കിൽ ആഴ്ചകൾ കൊണ്ട് കുറ്റപത്രം സമർപ്പിക്കാമെന്നിരിക്കെ, കഴിഞ്ഞ 10 ദിവസം മുൻപ് വരെ കുറ്റപത്രം നൽകിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയും ഞാനും നേരിട്ട് ഈ വിഷയം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുസമൂഹത്തിന്റെയും ബദ്ധശത്രുവായ ഈ രാജ്യദ്രോഹിക്കെതിരെ നടപടിയെടുക്കാൻ വേണ്ട ഇടപെടലുകൾ പൊളിറ്റിക്കൽ സെക്രട്ടറി നടത്താതിരുന്നത് എന്ത് കൊണ്ടാണെന്നത് എന്നെ സംബന്ധിച്ച് സംശയാസ്പദമാണ്.
2) സോളർ കേസ് :
സി പി എമ്മിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തിനിടയ്ക്ക് പാർട്ടി നേരിട്ട് ഏറ്റെടുത്ത കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരമായിരുന്നു സോളാർ തട്ടിപ്പ് കേസിലെ സമരം. UDF -നെ പിടിച്ചു കുലുക്കുകയും 2016-ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുൻപിൽ പാർട്ടി ഉയർത്തിയ പ്രധാന വിഷയങ്ങളിലൊന്ന് സോളാർ വിഷയമായിരുന്നുവല്ലോ. 2016-ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം ഈ കേസ് പോലീസ് അന്വേഷണത്തിൽ വരികയും സംസ്ഥാന പൊലീസിലെ SIT വിഭാഗം ഈ കേസ് നല്ല രീതിയിൽ അന്വേഷിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനിടയ്ക്ക് എഡിജിപി അജിത് കുമാർ പരാതിക്കാരിയായ സ്ത്രീയുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും അവരുടെ രക്ഷകനാണെന്ന് പരാതിക്കാരിയെ ബോധ്യപ്പെടുത്തുകയും അവരുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി, കേസിന്റെ ഒരു ഘട്ടത്തിൽ കേസിലുൾപ്പെട്ട ശ്രീ.കെ.സി.വേണുഗോപാൽ ഉൾപ്പടെയുള്ള MLA മാരും മന്ത്രിമാരുമടക്കമുള്ള പ്രതികൾ വൻ സ്വാധീനമുള്ളവരാണെന്നും അവർക്കെതിരെ സത്യസന്ധമായി കുറ്റപത്രം നല്‍കാന്‍ കേസ് അന്വേഷിക്കുന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥർ തയാറാകില്ലെന്നും അതുകൊണ്ട് നിതി കിട്ടണമെങ്കിൽ സിബിഐ അന്വേഷിക്കുകയാണ് നല്ലതെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എഡിജിപിയെ വിശ്വസിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുകയും തുടർന്ന് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമുണ്ടായി.
സിബിഐ അന്വേഷണവുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ എഡിജിപി പരാതിക്കാരിയുമായി ബന്ധപ്പെട്ടെന്നും മേൽപ്പറഞ്ഞ പ്രതികൾ സിബിഐ യിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഒരു കാരണവശാലും പ്രതികളാക്കപ്പെട്ടവർ ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നും പറഞ്ഞ് വീണ്ടും അവരെ തെറ്റിദ്ധരിപ്പിക്കുകയും സംസ്ഥാന പൊലീസിന് അവർ നൽകിയ മൊഴികളിൽ ചെറിയ മാറ്റംവരുത്തി മൊഴി നൽകിയാൽ പരാതിക്കാരിക്ക് ജീവിതം സെറ്റില്‍ ചെയ്യാൻ ആവശ്യമായ പണം പ്രതികളിൽ നിന്നും വാങ്ങി നൽകാമെന്നും അവരെ പറഞ്ഞ് വിശ്വസിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരാതിക്കാരി അതിന് സമ്മതിക്കുകയും മൊഴി മാറ്റിപ്പറയുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കെ.സി. വേണുഗോപാൽ ഉൾപ്പെടെ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടത് എന്നും ടെലിഫോൺ സംഭാഷണത്തിലൂടെ പരാതിക്കാരി എന്നോട് പറഞ്ഞു.
അവരോട് സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത് അവർ പറഞ്ഞ കാര്യങ്ങളിൽ വാസ്തവമുണ്ടെന്നത് തന്നെയാണ്. നിയമബിരുദം നേടിയിട്ടുള്ള നമ്മുടെ വനിതാ നേതാക്കളുടെ ഒരു സംഘത്തെ വിട്ട് പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചാൽ ഇക്കാര്യം പാർട്ടിക്ക് നേരിട്ട് മനസ്സിലാകുമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ഈ പറഞ്ഞ കാര്യങ്ങളിലുള്ള വസ്തുത പരിശോധിക്കാനുള്ള സംവിധാനം പാർട്ടി ഒരുക്കിയാൽ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടും. ആയതിനുള്ള സംവിധാനം കൂടി ഒരുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വിഷയത്തിലും പൊളിറ്റിക്കൽ സെക്രട്ടറി അവരുമായി ചില ഘട്ടങ്ങളിൽ ബന്ധപ്പെട്ടിരുന്നുവെന്ന് എന്നോട് സൂചിപ്പിക്കുകയുണ്ടായി. ഇക്കാര്യം പരിശോധിക്കണമോയെന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരാതിക്കാരിയുടെ ആവലാതികൾ പരാതിക്കാരിയുടെ അമ്മയും മകനും ബഹു. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് പൊളിറ്റിക്കൽ സെക്രട്ടറിയെ രണ്ടോമൂന്നോ തവണ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയെ കാണാൻ അനുവദിക്കാതെ ഇറക്കിവിടുകയാണുണ്ടായത് എന്നും ടെലിഫോൺ സംഭാഷണത്തിലൂടെ അവർ എന്നോട് പറഞ്ഞു. ഇക്കാര്യം പാർട്ടി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഇന്നും കേരളത്തിൽ ഏത് തെരഞ്ഞെടുപ്പ് വന്നാലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം അവരുടെ നേതാവ് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഉണ്ടാക്കിയെടുത്തതാണ് സോളർ കേസ് എന്നാണ്. ഇവരുടെ ചോദ്യത്തിന് മുന്നിൽ സഖാക്കൾക്ക് ഒരു മറുപടിയും പറയാൻ കഴിയാത്ത അവസ്ഥയാണ്.
3) സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം :
സന്ദീപാനന്ദ ഗിരിയുടെ ആശ്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെയും സഖാക്കളെയും ഈ കേസിൽ കുടുക്കാൻ പോലീസ് വിഭാഗത്തിലെ ആദ്യ അന്വേഷണ സംഘം നടത്തിയ ഹീനമായ ശ്രമങ്ങൾ നമുക്കെല്ലാവർക്കും ഓര്‍മയുള്ളതാണ്. യഥാർത്ഥ പ്രതികളായ ആര്‍എസ്എസുകാരെ സംരക്ഷിക്കുവാനും നിരപരാധികളായ സഖാക്കളെ പ്രതി ചേർക്കുവാനുമുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കം അന്വേഷണസംഘത്തിൽപ്പെട്ട ചില ഉദ്യോഗസ്ഥന്മാരുടെ എതിർപ്പിനെത്തുടർന്നാണ് മേലുഉദ്യോഗസ്ഥർ ഇതിൽ നിന്നും പിന്മാറിയത്.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം രണ്ടാമത് അന്വേഷിച്ച ക്രൈം ബ്രാഞ്ച് DYSP ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് യഥാർത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവന്നത്. കേസില്‍ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ തന്‍റെ മേലുദ്യോഗസ്ഥന് സമർപ്പിച്ച പോലീസ് റിപ്പോർട്ടിൽ, ആദ്യത്തെ അന്വേഷണ സംഘം കേസ് യഥാർത്ഥ പ്രതികളിൽ എത്തിച്ചേരാതിരിക്കാൻ കരുതിക്കൂട്ടി പരിശ്രമിച്ചുവെന്നും തെളിവുകൾ നശിപ്പിച്ചുവെന്നും സഖാവ് കാരായി രാജൻ ഉൾപ്പടെയുള്ള പാർട്ടി നേതാക്കന്മാരെ കേസിൽ പ്രതിയാക്കാൻ ശ്രമിച്ചിരുന്നുവെന്നും എണ്ണിപ്പറഞ്ഞ് തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്‍റെ സീക്രട്ട് റിപ്പോര്‍ട്ടില്‍ നൽകിയിട്ടുണ്ട്. പാർട്ടിയെ ഏറ്റവുംകൂടുതൽ സമ്മർദ്ദത്തിലാക്കുകയും പൊതുസമൂഹത്തിന് മുന്നിൽ ക്രിമിനലുകളായ സ്വാമിയും സഖാക്കളും ഗൂഢാലോചന നടത്തി അവർ തന്നെ ആശ്രമം കത്തിച്ചതാണെന്ന് വരുത്തിത്തീർത്ത് പൊതു സമൂഹത്തിന് മുന്നിൽ പാർട്ടിക്ക് ഒരു പാട് കളങ്കമേൽക്കേണ്ടി വന്നിട്ടുണ്ട്.
10.05.2023 -ൽ ക്രൈം ബ്രാഞ്ച് DYSP എം.ഐ.ഷാജി തന്‍റെ കയ്യൊപ്പോടുകൂടി ഇങ്ങനെ ഒരു റിപ്പോർട്ട് നൽകിയിട്ടും ഈ റിപ്പോർട്ടിനുമേൽ ഒരു അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് പാർട്ടിക്ക് ഉണ്ടായ ഈ പേരുദോഷത്തിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ ബാധ്യസ്ഥനായിരുന്ന പൊളിറ്റിക്കൽ സെക്രട്ടറി ഈ പോലീസ് റിപ്പോർട്ട് കാണാതെ പോയതാണോ അതല്ല ഇത് പൂഴ്ത്തി വെയ്ക്കാൻ നേതൃത്വം നൽകിയ ADGP-യുടെ സംഘത്തെ സഹായിക്കുകയാണോ ചെയ്തതെന്ന് പാർട്ടി പരിശോധനയ്ക്ക് വിധേയമാക്കണം.
4) പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം :
ഒന്നാം പിണറായി സർക്കാരിന്‍റെ മധ്യത്തോടുകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും കോടിയേരി സഖാവിനും മക്കൾക്കുമെതിരെയും പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കെതിരെയും നിരവധിയായ അടിസ്ഥാനരഹിത ആരോപണങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പത്ര–മാധ്യമ സംഘങ്ങളുടെ പിന്തുണയോടുകൂടി ഉയർത്തികൊണ്ട് വരികയും രണ്ടാം പിണറായി ഗവണ്‍മെന്റിൽ ഇതേനിലപാട് തുടരുകയും ചെയ്യുകയാണ് പ്രതിപക്ഷ നേതാവും പ്രതിപക്ഷ പാർട്ടികളും. യഥാർത്ഥത്തിൽ അഴിമതി നടത്തി പണമുണ്ടാക്കുന്നത് കോൺഗ്രസ് അടക്കമുള്ള യുഡിഫുകാരായ നേതാക്കന്മാരാണെന്ന് തുറന്നുകാണിക്കുന്നതിന് വേണ്ടിയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബാംഗ്ലൂരിലെ ഐടി കമ്പനികളിൽ നിന്നും സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിൽ പദ്ധതി അട്ടിമറിക്കാനും, കെ-റെയിൽ കടന്നു പോകുന്ന ജില്ലകൾ കേരളത്തിൽ വരാനിരിക്കുന്ന വൻ വികസനത്തിന്‍റെയും ഐടി പാർക്കുകളുടെയും കേന്ദ്രങ്ങളായി മാറുമെന്നും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും കുടുംബിനികൾക്കും തൊഴിലവസരം ലഭിക്കുമ്പോൾ ഇന്ത്യയിലെ മറ്റുള്ള ഐ ടി മേഖലയിലെ പ്രൊഫഷനുകളേക്കാൾ കുറഞ്ഞ ശമ്പളത്തിന് സെമി പ്രഫഷണലുകളെ ലഭ്യമാക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ ബോംബെ, കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിദേശ കമ്പനികൾ കേരളത്തിലേക്ക് വരികയും, അവിടങ്ങളിൽ കോടികൾ മുടക്കി ഉണ്ടാക്കിയിട്ടിരിക്കുന്ന ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസിനെ കെ റെയിൽ പദ്ധതി സാരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ്, കേരളത്തിലെ പ്രതിപക്ഷത്തെ ഉപയോഗിച്ച് ഈ കുത്തക കമ്പനികൾ പദ്ധതിയെ തകർത്തത്. ശ്രീ.കെ.സി വേണുഗോപാലിനെ ഇടനിലക്കാരനായി കൊണ്ടുവന്ന് മേൽ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളിൽ നിന്നും പ്രതിപക്ഷ നേതാവ് 150 കോടി രൂപ ഇലക്ഷന്‍ ഫണ്ട് ആയി കേരളത്തിൽ എത്തിച്ചത്.
ഇതിന്റെ ഭാഗിക തെളിവുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ബഹു.മുഖ്യമന്ത്രിയോടും പാർലമെന്‍റി പാർട്ടി നേതാവായിരുന്ന സഖാവ് ടി.പി.രാമകൃഷ്ണനോടും സമ്മതം വാങ്ങി, ബഹു. സ്‌പീക്കർ വശം എഴുതി നൽകി ഈ അഴിമതിക്കഥകൾ നിയമസഭയിൽ ഉന്നയിച്ചത്. സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളിലും ഇത് ചർച്ചയായി വരികയും തിരുവനന്തപുരത്തെ കേരള കോൺഗ്രസ് (മാണി വിഭാഗം) നേതാവ് ശ്രീ. ഹാഫിസ് വിവരാവകാശ നിയമപ്രകാരം നിയമസഭയിൽ നിന്നും ഈ പ്രസംഗത്തിന്‍റെ പകർപ്പ് ഔദ്യോഗികമായി വാങ്ങി ഈ ആരോപണം അന്വേഷണ വിധേയമാക്കണമെന്ന് പറഞ്ഞ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കുകയും കോടതി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാന്‍ വിജിലൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആരോപണം ഉന്നയിച്ച എന്നോട് വിജിലൻസ് പോലീസ് വാസ്തവമെന്താണെന്ന് അന്വേഷിക്കാനോ, ഒരു മൊഴി പോലും പരാതിക്കാരനായ എന്നിൽ നിന്നും രേഖപ്പെടുത്താതെ, എന്‍റെ ആരോപണത്തിൽ യാതൊരു അടിസ്ഥാനവും കഴമ്പുമില്ല എന്ന് റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ശ്രീ. ഹഫീസ് നൽകിയ പരാതി വിജിലൻസ് കോടതി തള്ളുകയാണുണ്ടായത്.
പോലീസിന്റെ ഈ നടപടി ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ എനിക്ക് അങ്ങേയറ്റത്തെ മാനഹാനിയും കള്ളം പറയുന്നവനാണെന്ന പേര് മാത്രമാണുണ്ടാക്കിയത്. ഇന്നും പ്രതിപക്ഷത്തിനെതിരെ ഞാൻ എന്ത് ആരോപണം ഉന്നയിച്ചാലും മേൽ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിക്കൊണ്ട് 'അൻവർ പറയുന്നത് കളവായിരിക്കും' എന്ന് വരുത്തിത്തീർക്കുവാൻ മാധ്യമങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഈ കാര്യത്തിൽ എനിക്ക് അങ്ങേയറ്റത്തെ പരിഭവമുണ്ടെന്ന് പാർട്ടിയെ അറിയിക്കുകയാണ്. വിജിലൻസ് എന്നിൽ നിന്നും മൊഴിയെടുത്തിരുന്നുവെങ്കിൽ ലഭ്യമായ തെളിവുകളും സാഹചര്യത്തെളിവുകളും വിജിലൻസിന് നൽകി ഈ കേസ് നല്ല രീതിയിൽ എനിക്ക് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമായിരുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത്, കേരളത്തിന്റെ വികസന കുതിപ്പിന് കരണമാകുമായിരുന്ന കെ–റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ അന്യ സംസ്ഥാന ലോബികളിൽ നിന്ന് പാർട്ടി ഫണ്ടെന്ന നിലയ്ക്ക് കോൺഗ്രസ് വാങ്ങിയ കൈക്കൂലി സജീവ ചർച്ചയാക്കാനും, തൊഴിൽരഹിതരായ ചെറുപ്പക്കാർക്കിടയില്‍ നമുക്ക് അനുകൂലമായ ഒരു റിസൾട്ട് ഉണ്ടാക്കുവാനും സാധിക്കുമായിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല എന്നുമാത്രമല്ല ഞാൻ പൊതു സമൂഹത്തിന് മുന്നിൽ കള്ളനാവുകയും ചെയ്തു. വിജിലൻസ് എനിക്കെതിരെ നൽകിയ റിപ്പോർട്ട് പൊളിറ്റിക്കൽ സെക്രട്ടറിയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഇതിന്റെ രാഷ്ട്രീയ ധാർമിക ഉത്തരവാദിത്തത്തിൽ നിന്നും പി ശശിക്ക് ഒരിക്കലും ഒഴിഞ്ഞ് നില്‍ക്കാൻ കഴിയില്ല. ഈ വിഷയം പാർട്ടി വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കണം
5) കോഴിക്കോട്ടെ ഒരു വ്യാപാരിയുടെ കേസ് :
മഞ്ചേരിയിലെ അബ്ബാസ് എന്ന വ്യക്തി എന്‍റെ സുഹൃത്തും പാർട്ടി അനുഭാവിയും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമാണ്. ശ്രീ അബ്ബാസ് 2023 ഏപ്രിൽ/ മെയ് മാസത്തിൽ എന്നെ വന്ന് കാണുകയും തന്‍റെ അനുജൻ അഷ്റഫ് അലി നടത്തിവരുന്ന ഷോപ്പുകളിലെ ചില ഷോപ്പുകൾ, അഷ്റഫ് അലിയുടെ മാനേജരും വർക്കിംഗ് പാർട്‌ണറും ആയിരുന്ന കോഴിക്കോട് സ്വദേശി ഷബീർ എന്നയാൾ കള്ളരേഖകൾ ഉണ്ടാക്കി പാര്‍ട്ണര്‍ഷിപ് ഡീഡില്‍ മാറ്റം വരുത്തി സ്വന്തമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കോഴിക്കോട് സിറ്റി പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും പോലീസ് വഞ്ചന നടത്തിയ ഷബീറിനൊപ്പം നിൽക്കുകയാണെന്നും അതുകൊണ്ട് നീതി ലഭിക്കാൻ സഹായിക്കണമെന്നും എന്നോട് പറഞ്ഞു. രേഖകൾ പരിശോധിച്ചപ്പോൾ പറയുന്നത് ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഞാൻ അബ്ബാസിനെയും കൂട്ടി കോഴിക്കോട് പാർട്ടി ഓഫീസിൽ പോയി പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് മോഹനൻ മാഷെ കാണുകയും അബ്ബാസ് കാര്യങ്ങൾ വിശദീകരിക്കുകയും ‘സത്യത്തിന്റെ കൂടെ ഇപ്പോഴും പാർട്ടി ഉണ്ടാകുമെന്നും അതാണ് പാർട്ടി നിലപാടെന്നും’ അബ്ബാസിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയുണ്ടായി.
മോഹനൻ മാഷ് പിന്നീട് പലതവണ പോലീസുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ഒരു തീരുമാനത്തിലെത്താൻ പോലീസ് തയാറായില്ല എന്ന് മാത്രമല്ല അബ്ബാസിന്റെ അനുജന്റെയും ഭാര്യയുടെയും പേരിൽ പോലീസ് കള്ളക്കേസെടുക്കുകയാണുണ്ടായത്. പോലീസിന്റെ ഏകപക്ഷീയമായ ഈ ഇടപെടലുകൾക്ക് കാരണം എന്താണെന്ന് അബ്ബാസ് അന്വേഷിച്ചപ്പോൾ പാർട്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഇക്കാര്യത്തിൽ ഇടപെട്ടിരുന്നുവെന്നും ഞങ്ങൾ നിസ്സഹായരാണെന്നും ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ അബ്ബാസ് വീണ്ടും എന്നെ വന്നുകാണുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2023 ജൂലൈ 24-ന് അബ്ബാസിനെയും കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോവുകയും പൊളിറ്റിക്കൽ സെക്രട്ടറിയെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. താങ്കൾ ഈ കേസിൽ എതിർകക്ഷിയായ ഷബീറിന് അനുകൂലമായി പറഞ്ഞിട്ടുണ്ടെന്നും ഈ കേസിനെ അട്ടിമറിക്കാൻ സ്വാധീനിച്ചിട്ടുണ്ടെന്നും കോഴിക്കോടുള്ള പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. അതിൽ വല്ല യാഥാർഥ്യവുമുണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ ‘ഞാനങ്ങനെ ഇടപെട്ടിട്ടില്ലെന്നും അബ്ബാസിനും സഹോദരനും നീതി കിട്ടുമെന്നും’ ഉറപ്പ് നൽകുകയും ചെയ്തു. അന്നേ ദിവസം പൊളിറ്റിക്കൽ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ കോപ്പി ഇതോടൊപ്പം സമർപ്പിക്കുന്നു.
പക്ഷെ പിന്നീട് ഒരു നീതിയും പോലീസിൽ നിന്ന് ലഭിക്കാതെ വന്നപ്പോൾ അബ്ബാസിനോട് ഞാൻ ഹൈക്കോടതിയെ സമീപിക്കാനും നിയമപോരാട്ടം നടത്താൻ ഉപദേശിക്കുകയും ഞാൻ നേരിട്ട് സഹായിക്കുകയുമാണ് ചെയ്തത്. കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഷബീറിനും കൂട്ടാളികൾക്കുമെതിരെ പോലീസ് പിന്നീട് കേസെടുക്കുകയും ഷബീറിനെ ജയിലിലടക്കുകയും ചെയ്തു. ഇപ്പോഴും അയാൾ റിമാൻഡിലാണ്.
പാർട്ടി ജില്ലാ സെക്രട്ടറി ശക്തമായി ഇടപെട്ടിട്ടും അബ്ബാസിനും സഹോദരനും പോലീസിൽ നിന്നും നീതി ലഭിക്കാത്തതിന്‍റെ കാരണം പ്രതി ഷബീർ വഞ്ചന നടത്തി കോടിക്കണക്കിന് രൂപ സമ്പാദിച്ചതിന്റെ നല്ലൊരു പങ്ക് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് നൽകിയിട്ടുണ്ട് എന്നതാണ് ആ കമ്മ്യൂണിസ്റ്റ് കുടുംബം ഉറച്ച് വിശ്വസിക്കുന്നത്. എന്റെ വിശ്വാസവും അങ്ങനെ തന്നെയാണ്. പാർട്ടി ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
6) രാഹുൽ ഗാന്ധി വിവാദം :
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ബഹു.കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് ഇ.ഡി അറസ്റ്റ് ചെയ്യാത്തത് എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ പാർട്ടി സഖാക്കൾക്ക് ഏറെ വിഷമമുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ പാലക്കാട് എടത്തനാട്ടുകരയിൽ വെച്ച് നടന്ന എല്‍ഡിഎഫ് യോഗത്തിൽ രാഹുൽ ഗാന്ധിയെ വിശ്വസിക്കുവാൻ കൊള്ളാത്തവനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിൽ അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് ഞാൻ പൊതുവായി പറഞ്ഞപ്പോൾ എനിക്കെതിരെ എടത്തനാട്ടുകര പോലീസ് എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇക്കാര്യത്തിൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഒരിടപെടലും ഉണ്ടായിട്ടില്ല.
7) പാർക്കിലെ മോഷണ കേസ് :
ഷാജൻ സ്കറിയ വിഷയത്തിൽ ഇടപെടുന്ന സമയത്ത് പൊളിറ്റിക്കൽ സെക്രട്ടറിയുമായിട്ടുള്ള എന്റെ ബന്ധം വഷളായി തുടങ്ങിയിരുന്നു. അദ്ദേഹത്തിന് എന്നോട് വൈരാഗ്യമുണ്ടെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് എന്‍റെ ഉടമസ്ഥതയിലുള്ള പാർക്കിൽ നിന്ന് കളവ് പോയ ഏകദേശം 10 ലക്ഷത്തോളം വിലവരുന്ന സ്റ്റീൽ റോപ്പ് അരിക്കോട് പോലീസ് കേസെടുത്തിട്ടും ഒരന്വേഷണവും നടത്താതിരിക്കുന്നതും പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലാണെന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ഇക്കാര്യം പാർട്ടി പരിശോധിക്കേണ്ടതുണ്ട്.
8) സാമ്പത്തിക തർക്കത്തിലെ മധ്യസ്ഥൻ :
അവസാനമായി എനിക്ക് പാർട്ടി നേതൃത്വത്തോട് പറയാനുള്ളത് പാർട്ടി അവരോധിച്ച ഈ പൊളിറ്റിക്കൽ സെക്രട്ടറി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ അന്യായമായി ഒരു കക്ഷിക്കൊപ്പം നിന്ന് ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നുണ്ടെന്നും, ചില കേസുകൾ രണ്ട് പാര്‍ട്ടിക്കാരും തമ്മിൽ രഞ്ജിപ്പുണ്ടാക്കി ഇവർക്കിടയിൽ കേന്ദ്രബിന്ദുവായി പ്രവർത്തിച്ച് കമ്മീഷൻ കൈപ്പറ്റുന്നുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളും പാർട്ടി പരിശോധിക്കേണ്ടതുണ്ട്.
ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി എത്തുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കാളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും എനിക്കറിയാം. തല്‍ക്കാലം പൊളിറ്റിക്കൽ സെക്രട്ടറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ്.
സഖാവേ,
ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് ഞാൻ പാർട്ടിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. ആയതിനാൽ മേൽക്കാര്യത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്നും വിശദമായ ഒരന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
പി.വി.അൻവർ
പകർപ്പ് : സഖാവ്.ടി പി രാമകൃഷ്ണൻ എൽ.ഡി.എഫ് കൺവീനർ