നിലമ്പൂരില്‍ താന്‍ നടത്തിയ വിശദീകരണയോഗത്തില്‍ അണിനിരന്നത് ജനാധിപത്യ വിശ്വാസികളെന്ന്  പി.വി.അന്‍വര്‍ എം.എല്‍.എ.  ജാഥയില്‍  പങ്കെടുത്തത് ജമാഅത്തെ ഇസ്​ലാമിയും എസ്ഡിപിഐയുമാണെന്ന സി.പി.എമ്മിന്‍റെ ആരോപണത്തിനായിരുന്നു അന്‍വറിന്‍റെ മറുപടി.'ആയിരക്കണക്കിന് ആളുകളാണ് നിലമ്പൂരിലെ ജാഥയിലെത്തിയത്. പങ്കെടുത്തവര്‍ മുഴുവനും എസ്ഡിപിഐക്കും ജമാഅത്തെ ഇസ്​ലാമിയും ആണെന്ന് പറഞ്ഞാല്‍, ജില്ലയില്‍ അത്രയും വലിയ ശക്തിയാണോ അവര്‍? അങ്ങനെ സിപിഎം അംഗീകരിച്ചോയെന്നും വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ ചോദ്യമുയര്‍ത്തി. കണ്ണടച്ച് ഇരുട്ടാക്കിയും , ഉറക്കം നടിച്ചും മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും ഈ വിഷയത്തില്‍ നിന്ന് രക്ഷപെടാനാവില്ല. ജനങ്ങള്‍ കാര്യം മനസിലാക്കുന്നുണ്ട്.

ഈ വിഷയത്തില്‍ പാലൊളി മുഹമ്മദ്കുട്ടിയെ കൊണ്ട് സിപിഎം പറയിപ്പിച്ചതാണ്. അദ്ദേഹത്തെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിവരിക്കും. പെട്ടെന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യങ്ങള്‍ പാലൊളിയെ ധരിപ്പിക്കാനായില്ല. സത്യം ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹത്തെ നേരില്‍ കണ്ട് സത്യം അറിയിക്കുമെന്നും അന്‍വര്‍ വിശദീകരിച്ചു. പാലൊളി വിഷയം പിണറായിയോട് സംസാരിച്ചാല്‍ എന്തെങ്കിലും മാറ്റം വരുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, അൻവറിന് സ്ഥാപിത താൽപര്യമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിമര്‍ശനം. സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ അൻവർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അൻവർ ഉന്നയിച്ചതിൽ ചിലത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ്. സാമാന്യ മര്യാദ പാലിക്കാതെയാണ് പരസ്യപ്രസ്താവന നടത്തിയതെന്നും പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ഇടതുപക്ഷത്തിനും, എതിരെയാണ് അൻവറിന്‍റെ നീക്കമെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.  ഇതൊന്നും കൊണ്ട് പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നു. അന്‍വര്‍ പ്രതിപക്ഷത്തിന്‍റെ കയ്യിലെ കോടാലിയായി സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അന്‍വര്‍ വിഷയത്തില്‍ നിലമ്പൂരില്‍ നടത്താനിരുന്ന വിശദീകരണ യോഗം മുസ്​ലിം ലീഗ് നേതൃത്വം ഇടപെട്ട് മുടക്കി. കെ.എം.ഷാജിയെ പങ്കെടുപ്പിക്കാനായിരുന്നു നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. അതേസമയം, അനുമതി നിഷേധിച്ച നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രൂപ്പുകളില്‍ കടുത്ത  വിമര്‍ശനം ഉയരുകയാണ്. എന്നാല്‍ നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണം ലീഗ് നേതൃത്വം നിഷേധിച്ചിട്ടുമുണ്ട്. 

ENGLISH SUMMARY:

PV Anwar's reply to the CPM was that it was the belivers of democracy who had lined up in the Nilambur Rally held by him. CPM alleged that Jamaat-e-Islami and SDPI participated in Anwer's meeting.