binoy-pinarayi-vijayan

ക്രമസമാധാനച്ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ മാറ്റുമെന്ന് സി.പി.ഐയ്ക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി. ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ബിനോയ് വിശ്വത്തിന് ഉറപ്പ് നല്‍കി. സി.പി.ഐ നിര്‍വാഹകസമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. എ.ഡി.ജി.പിയെ മാറ്റുമെന്നും മാറ്റാതെ പറ്റില്ലെന്നും ബിനോയ് വിശ്വം അറിയിച്ചു. തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് ബിനോയ് വിശ്വം. പൂരം കലക്കലിലും അന്വേഷണമായതോടെ അജിത്കുമാര്‍ നേരിടുന്നത് നാല് അന്വേഷണങ്ങളാണ്. ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലടക്കമുള്ള ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മാറ്റേണ്ടിവരുമെന്ന് ഉറപ്പാണ്.

പൂരം കലക്കല്‍ സ്വന്തമായി അന്വേഷിച്ച് സ്വയം ക്ളീന്‍ചിറ്റ് നേടാനായിരുന്നു അജിത്കുമാറിന്റെ നീക്കം. പക്ഷെ പൂരം മുടങ്ങിയത് അറിഞ്ഞിട്ടും ഇടപെടാത്തതടക്കം എ.ഡി.ജി.പിയുടെ വീഴ്ചകള്‍ ഡി.ജി.പി റിപ്പോര്‍ട്ടില്‍ അക്കമിട്ട് കൂട്ടിച്ചേര്‍ത്തതോടെ ചിറകിനടിയില്‍ കാത്തുസൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ വീഴ്ച മുഖ്യമന്ത്രിക്ക് പരസ്യമായി സമ്മതിക്കേണ്ടിവന്നു. ഡി.ജി.പി വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന രീതി എ.ഡി.ജി.പിക്ക് വേണ്ടി മുഖ്യമന്ത്രി തെറ്റിച്ചു. ഇതോടെ ക്രമസമാധാന ചുമതലയുടെ തലപ്പത്ത് ഇരുന്ന് ഒരേസമയം നാല് അന്വേഷണം നേരിട്ട നാണക്കേടിന്റെ റെക്കോഡ് അജിതിന് സ്വന്തം. 

നിയമസഭ സമ്മേളനം തുടങ്ങും മുന്‍പ് അജിതിനെ മാറ്റണമെന്ന് സി.പി.ഐയും ബിനോയ് വിശ്വവും അലമുറയിട്ട് ആവശ്യപ്പെട്ടിട്ടും കേട്ടഭാവം മുഖ്യമന്ത്രി നടിച്ചിരുന്നില്ല. ഇതോടെ മുഖവും വിലയും നഷ്ടപ്പെട്ട സി.പി.ഐക്ക് സഭയിലും പുറത്തും മിണ്ടാട്ടം മുട്ടിയിരുന്നു. പക്ഷെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതിയിലും ഡിജിപി റിപ്പോര്‍ട്ട് നല്‍കും. അതില്‍ വീഴ്ച പരാമര്‍ശിച്ചാല്‍ മുഖ്യമന്ത്രിക്ക് അജിതിനെ കൈവിടേണ്ടിവരും.

ENGLISH SUMMARY:

CM assures CPI that ADGP MR Ajithkumar will be removed from law and order post